INDIA

മദ്യം വാങ്ങാനെത്തി, വെടിയുതിർത്തു; ഇന്ത്യക്കാരനായ അച്ഛനും മകൾക്കും യുഎസിൽ ദാരുണാന്ത്യം


വെർജീനിയ ∙ യുഎസിലെ വെർജീനിയയിൽ ഡിപ്പാർട്ട്‌മെന്റൽ സ്റ്റോറിൽ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരനായ പിതാവും മകളും വെടിയേറ്റു മരിച്ചു. പ്രദീപ് പട്ടേൽ (56), മകൾ ഉർമി (24) എന്നിവരാണു മരിച്ചത്. ഇരട്ടക്കൊലപാതകത്തിൽ ജോർജ് ഫ്രേസിയർ ഡെവൺ വാർട്ടൺ (44) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അക്കോമാക് കൗണ്ടിയിലെ സ്റ്റോർ തുറന്നതിനു തൊട്ടുപിന്നാലെയായിരുന്നു വെടിവയ്പ്. വ്യാഴാഴ്ച പുലർച്ചെ മദ്യം വാങ്ങാൻ കടയിലെത്തിയ പ്രതി, രാത്രിയിൽ കട അടച്ചിട്ടത് എന്തുകൊണ്ടാണെന്നു ചോദിച്ചു. പിന്നാലെ പ്രദീപിനും മകൾക്കും നേരെ വെടിയുതിർക്കുകയായിരുന്നു. എന്താണു പ്രകോപനമെന്നു വ്യക്തമല്ല. പ്രദീപ് പട്ടേൽ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഉർമിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നു പൊലീസ് പറഞ്ഞു. ഗുജറാത്തിലെ മെഹ്സാന ജില്ലക്കാരാണു ഇവർ. 6 വർഷം മുൻപാണു യുഎസിലേക്ക് വന്നത്. ബന്ധു പരേഷ് പട്ടേലിന്റെ ഉടമസ്ഥതയിലുള്ള സ്റ്റോറിലായിരുന്നു ജോലി.‘‘എന്റെ ബന്ധുവിന്റെ ഭാര്യയും അവളുടെ അച്ഛനും രാവിലെ സ്റ്റോറിൽ ജോലി ചെയ്യുകയായിരുന്നു. ആരോ ഇവിടെ വന്ന് വെടിവച്ചു. എന്തുചെയ്യണമെന്ന് എനിക്കറിയില്ല’’ എന്നായിരുന്നു പരേഷ് പട്ടേലിന്റെ പ്രതികരണം. പ്രദീപ് പട്ടേലിനും ഭാര്യ ഹൻസബെന്നിനും 2 പെൺമക്കൾ കൂടിയുണ്ട്. ഒരാൾ കാനഡയിലും മറ്റൊരാൾ അഹമ്മദാബാദിലുമാണു താമസം. ഇരട്ട കൊലപാതകം യുഎസിലെ ഇന്ത്യൻ സമൂഹത്തിനു ഞെട്ടലായി.


Source link

Related Articles

Back to top button