‘യാസിർ ജയിലിൽ നിന്നിറങ്ങിയാൽ കൊല്ലുമെന്ന ഭയമുണ്ട്, പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ല’

താമരശ്ശേരി∙ ഷിബിലയെ കൊന്ന യാസിർ ജയിലിൽനിന്നു പുറത്തിറങ്ങിയാൽ തങ്ങളെയും കൊല്ലുമെന്ന ഭയമുണ്ടെന്ന് ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ. പരാതി നൽകിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്നും അബ്ദുറഹ്മാൻ മാധ്യമങ്ങളോട് പറഞ്ഞു. യാസിറിന്റെ കുടുംബം പ്രശ്നത്തിൽ ഇടപെട്ടില്ലെന്നും യാസിറിനെ പിന്തുണയ്ക്കുന്ന നിലപാടാണ് കുടുംബം സ്വീകരിച്ചതെന്നും അബ്ദുറ്ഹമാൻ ആരോപിച്ചു. മകളുടെ പരാതിയിൽ പൊലീസ് കൃത്യമായി ഇടപെട്ടില്ല. സ്റ്റേഷനിൽ നിരന്തരം വിളിച്ചെങ്കിലും ഇരുവീട്ടുകാരെയും വിളിച്ച് അനുനയ നീക്കത്തിനു മാത്രമാണ് ശ്രമിച്ചത്. ലഹരിക്കടിമയായ യാസിർ സംശയത്തിന്റെ പേരിലും മകളെ പീഡിപ്പിച്ചു.കഴിഞ്ഞ 28ന് പൊലീസിൽ പരാതി നൽകി. രണ്ട് ദിവസം കഴിഞ്ഞു സ്റ്റേഷനിൽനിന്നു വിളിച്ച് ഇരു വീട്ടുകാരുമായും സംസാരിച്ചു. പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ല. പ്രശ്ന പരിഹാരത്തിനു ശ്രമിച്ചിട്ടും യാസിറിന്റെ കുടുംബം വന്നില്ല. യാസിർ സ്ഥിരം മദ്യപിക്കാറുണ്ടായിരുന്നെന്ന് ഷിബില പറഞ്ഞിട്ടുണ്ട്. നാല് ബാങ്കുകളിൽ നിന്നായി ഷിബിലയുടെ പേരിൽ വായ്പ എടുത്തിട്ടുണ്ട്. ഈ പണം കൊണ്ട് ആർഭാട ജീവിതം നയിക്കുകയായിരുന്നു യാസിർ. ഇയാൾക്കു കൃത്യമായ ശിക്ഷ കൊടുക്കണമെന്നും അബ്ദുറഹ്മാൻ പറഞ്ഞു.ലഹരിയുടെ അതിപ്രസരമാണ് കൊലപാതകത്തിനു കാരണമെന്ന് ഷിബിലയുടെ ബന്ധു അബ്ദുൽ മജീദ് പറഞ്ഞു. യാസിർ പല തവണ കുടുംബത്തെ ഭീഷപ്പെടുത്തി. പൊലീസ് വിഷയം ഗൗരവമായി എടുത്തില്ല. പരാതി വാങ്ങി വച്ച് ഒരു തവണ വിളിച്ചു. മറ്റൊന്നും ഈ വിഷയത്തിൽ ഉണ്ടായില്ല. അക്രമം നടന്നതു പ്രതിയുടെ കുടുംബത്തിന്റെ സമ്മതത്തോടെയാണെന്നും മജീദ് പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ടാണ് ഈങ്ങാപ്പുഴ കക്കാട് നക്കലമ്പാടുള്ള വീട്ടിൽ വച്ച് യാസിർ ഷിബിലയെ കുത്തിക്കൊന്നത്. ആക്രമണത്തിൽ അബ്ദുറ്മാനും ഭാര്യ ഹസീനയ്ക്കും പരുക്കേറ്റിരുന്നു. ഇന്നലെയാണ് ഇവർ മെഡിക്കൽ കോളജിൽനിന്നു ചികിത്സയ്ക്കു ശേഷം വീട്ടിലെത്തിയത്.
Source link