കേരളതീരത്ത് ആദ്യം, തുമ്പ മുതൽ മൂന്ന് കിലോമീറ്റർ ദൂരത്ത് അപൂർവ പ്രതിഭാസം

വിഴിഞ്ഞം: കേരളതീരത്ത് ആദ്യമായി പുതിയയിനം പവിഴജീവികളുടെ ആവാസ മേഖല കണ്ടെത്തി.
മത്സ്യത്തൊഴിലാളിയായ സെന്റ് ആൻഡ്രൂസ് സ്വദേശി തദയൂസാണ് കടലിൽ 22 മീറ്റർ ആഴത്തിൽ ഈ പവിഴ മേഖല ആദ്യമായി കണ്ടത്.തുടർന്ന് ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ്(എഫ്.എം.എൽ) അധികൃതരെ അറിയിച്ചു.
ഇവരുടെയും സ്കൂബാ കൊച്ചിന്റെയും നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഡിപ്സാസ്ട്രിയ ഫാവസ് എന്നയിനം കോറലുകളാണ് ഇതെന്ന് മനസിലാക്കിയത്.
ഈ പവിഴജീവി മേഖല മുൻപ് കണ്ടിട്ടില്ലെന്ന് എഫ്.എം.എൽ ചീഫ് കോഓർഡിനേറ്റർ റോബർട്ട് പനിപ്പിള്ള പറഞ്ഞു. തുമ്പ മുതൽ പുത്തൻതോപ്പ് വരെ ഏതാണ്ട് മൂന്ന് കിലോമീറ്ററോളം നീണ്ടുകിടക്കുന്ന ഇവിടെ ലാറ്ററൈറ്റുകളുടെ പാളികൾ ചേർന്ന് ഉറച്ച കടൽത്തറയാണ്. ഇവിടം മുഴുവനും ഡിപ്സാസ്ട്രിയ ഫാവസ് എന്നയിനം കോറലുകൾ നിറഞ്ഞിരിക്കുകയാണ്. ഇത്തരം പവിഴജീവികൾ ഇന്നേവരെ കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് റോബർട്ട് പനിപ്പിള്ള പറഞ്ഞു.
എഫ്. എം.എൽ കേരള യൂണിവേഴ്സിറ്റി അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് ഡിപ്പാർട്ട്മെന്റുമായി ചേർന്ന് സ്കൂബാ കൊച്ചിൻ, സൗത്ത് ഇന്ത്യൻ ഫെഡറേഷൻ ഒഫ് ഫിഷറീസ് സൊസൈറ്റീസ് (സിഫ്സ്), അധ്വാന എന്നിവയുമായി ചേർന്ന് ഈ പ്രദേശത്തെ ജൈവ വൈവിദ്ധ്യത്തെ പറ്റി വിശദമായി പഠിക്കാനുള്ള തയ്യാറെടുപ്പിലാണ്.
Source link