ഹിന്ദി കവിയും നോവലിസ്റ്റുമായ വിനോദ് കുമാർ ശുക്ളയ്‌ക്ക് ജ്ഞാനപീഠം

ന്യൂഡൽഹി: ഇന്ത്യയിലെ പരമോന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠം പുരസ്‌കാരത്തിന് ഛത്തീസ്ഗഡിലെ ഹിന്ദി കവിയും നോവലിസ്റ്റുമായ വിനോദ് കുമാർ ശുക്ല (88) അർഹനായി.11 ലക്ഷം രൂപയും വെങ്കലത്തിൽ തീർത്ത സരസ്വതീ ശില്പവും അടങ്ങിയതാണ് അവാർഡ്.

ഛത്തീസ്ഗഡിൽ ജ്ഞാനപീഠം ലഭിക്കുന്ന ആദ്യ സാഹിത്യകാരനാണ്.മികച്ച സർഗ്ഗാത്മകതയും വ്യതിരിക്തമായ എഴുത്തു ശൈലിയും കൊണ്ട് ഹിന്ദി സാഹിത്യത്തിന് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ചാണ് 2025ലെ അവാർഡ് അദ്ദേഹത്തിന് നൽകുന്നതെന്ന് പ്രമുഖ സാഹിത്യകാരി പ്രതിഭാ റായി അദ്ധ്യക്ഷയായ ജ്ഞാനപീഠം സെലക്‌ഷൻ കമ്മിറ്റി അറിയിച്ചു.

50 വർഷത്തിലേറെ നീണ്ടതാണ് സാഹിത്യജീവിതം. ദീവാർ മേ ഏക് ഖിഡ്കി രെഹതി ഹെ’ എന്ന നോവലിന് 1999-ൽ, സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു. കഴിഞ്ഞ വർഷം, പെൻ അമേരിക്ക അന്താരാഷ്ട്ര സാഹിത്യ മികവിനുള്ള നബോക്കോവ് അവാർഡ് നൽകി ആദരിച്ചു. ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഏഷ്യൻ എഴുത്തുകാരനാണ്.’നൗക്കർ കി കമീസ്’ എന്ന നോവൽ 1999ൽ പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് മണി കൗൾ അതേപേരിൽ സിനിമയാക്കി.

1971 ൽ പ്രസിദ്ധീകരിച്ച ‘ലഗ്ഭാഗ് ജയ്‌ഹിന്ദ്’ ആണ് ആദ്യ കവിതാസമാഹാരം. ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവിൽ 1937 ജനുവരി ഒന്നിനാണ് ജനനം.


Source link
Exit mobile version