‘എനിക്ക് മോർഫിൻ കുത്തിവയ്പ് എങ്കിലും തരൂ’: ജയിലിൽ ലഹരി ആവശ്യപ്പെട്ട് സംഘർഷമുണ്ടാക്കി മുസ്‍കാനും കാമുകനും


മീററ്റ്∙ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവ് സൗരഭ് രജ്പുത്തിനെ(29) കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭാര്യ മുസ്കാൻ റസ്തഗിയും (27) കാമുകനായ സാഹിൽ ശുക്ലയും (25) ജയിലിൽ ലഹരി ആവശ്യപ്പെട്ട് സംഘർഷമുണ്ടാക്കുന്നതായി പൊലീസ്. ഇരുവരും വൻ തോതിൽ ലഹരിക്ക് അടിമകളാണെന്നും ലഹരി കിട്ടാത്തതു മൂലം സ്വയം മുറിവേൽപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കടുത്ത സുരക്ഷയിലാണ് പാർപ്പിച്ചിരിക്കുന്നതെന്നും ജയിൽ അധികൃതർ പറഞ്ഞു. യുഎസിൽനിന്നു നാട്ടിലെത്തിയ സൗരഭ് രജ്പുത്ത് (29) എന്ന നേവി ഉദ്യോഗസ്ഥനെ ഭാര്യ മുസ്കാൻ റസ്തഗിയും കാമുകനായ സാഹിൽ ശുക്ലയും കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി ശരീരം മുറിച്ച് കഷ്ണങ്ങളാക്കി വീപ്പയിൽ നിറച്ചു എന്നാണ് കേസ്. ഇത് പിന്നീട് കോൺക്രീറ്റ് കൊണ്ട് മൂടുകയും ചെയ്തു. സൗരഭ് യാത്രയിലാണെന്ന് വിശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും കുടുംബം നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകം വെളിപ്പെട്ടത്. സൗരഭിനൊപ്പം കഴിഞ്ഞാൽ ലഹരി ഉപയോഗിക്കാൻ കഴിയില്ലെന്ന പേടിയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.തനിക്ക് മോർഫിൻ കുത്തിവയ്പ്പുകൾ എങ്കിലും നൽകാൻ മുസ്കാൻ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ലഹരി കിട്ടാത്തത് മൂലം ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുകയാണെന്നും ഇത് സ്വാഭാവികമാണെന്നും ജയിൽ അധികൃതർ പറഞ്ഞു. രക്തപരിശോധനയിൽ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തിയിരുന്നു. പ്രതികൾ ജയിലിലെ ഡീ അഡിക്‌ഷൻ കേന്ദ്രത്തിൽ ചികിത്സയിലാണ്.


Source link

Exit mobile version