KERALAMLATEST NEWS

മണ്ഡല പുനർനിർണയം: കേന്ദ്ര സർക്കാരിനെതിരെ താക്കീതുയ‌ർത്തി സ്റ്റാലിൻ സംഗമം

ജനസംഖ്യാടിസ്ഥാനം പാടില്ല
തലയ്ക്കുമുകളിലെ വാളെന്ന് പിണറായി

ചെന്നൈ: ലോക്‌സഭാ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിളിച്ച പ്രതിഷേധ സംഗമം കേന്ദ്ര സർക്കാരിനുള്ള ശക്തമായ താക്കീതായി. ഡൽഹി തിരഞ്ഞെടുപ്പോടെ അസ്വാരസ്യം തലപൊക്കിയ ഇന്ത്യമുന്നണിക്ക് സംഗമം ഉണർവേകി. തെക്കേ ഇന്ത്യയിലെ കരുത്തനെന്ന സ്റ്റാലിന്റെ പ്രതിഛായയ്ക്ക് തിളക്കമേറി.

കേരള, തെലങ്കാന, പഞ്ചാബ് മുഖ്യമന്ത്രിമാരും ഇന്ത്യസഖ്യകക്ഷികളും എൻ.ഡി.എ ഇതര പാർട്ടി നേതാക്കളും പങ്കെടുത്തു. കോൺഗ്രസിന്റെ സാന്നിദ്ധ്യമായി കെ.സുധാകരൻ ഉൾപ്പെടെ ആറ് പി.സി.സി പ്രസിഡന്റുമാരുമെത്തി.

ജനാധിപത്യവും ഫെഡറലിസവും സംരക്ഷിക്കാനാണ് കേന്ദ്രത്തിനെതിരെ സംയുക്ത പോരാട്ടമെന്ന് സ്റ്റാലിൻ പറഞ്ഞു. മണ്ഡല പുനർനിർണയം തെക്കൻ സംസ്ഥാനങ്ങളെ ദോഷകരമായി ബാധിക്കും. ജനസംഖ്യാടിസ്ഥാനത്തിലെ പുനർനിർണയം അനീതിയാണെന്നും പറഞ്ഞു. ഈ ഐക്യം നിലനിൽക്കണമെന്ന് അഭ്യർത്ഥിച്ചു.

മണ്ഡല പുനർനിർണയത്തെ തലയ്ക്കുമുകളിലെ വാളെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചത്. ജനസംഖ്യാ നിയന്ത്രണം പാളിയ വടക്കേ ഇന്ത്യയിൽ ഗുണംചെയ്യുമെന്ന് കണ്ടാണ് ബി.ജെ.പിയുടെ നീക്കമെന്ന് ആരോപിച്ചു.

ജനസംഖ്യാടിസ്ഥാനത്തിലുള്ള പുനർനിർണയത്തെ ദക്ഷിണേന്ത്യ അംഗീകരിക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ബി.ആർ.എസ് നേതാവ് കെ.ടി രാമറാവു എന്നിവരും സംസാരിച്ചു.

ബി.ജെ.ഡി അദ്ധ്യക്ഷൻ നവീൻ പട്നായിക് യോഗത്തിന് എത്തി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അസൗകര്യം കാരണം വന്നില്ലെങ്കിലും , സ്റ്റാലിന് പിന്തുണ അറിയിച്ചുള്ള മമതയുടെ സന്ദേശം യോഗത്തിൽ വായിച്ചു. ഇരു മുന്നണിയിലും പെടാത്ത വൈ.എസ്.ആർ കോൺഗ്രസ് നേതാക്കൾ എത്തിയില്ല.

സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി, ആർ.എസ്.പി നേതാവ് എൻ.കെ.പ്രേമചന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു. സംയുക്ത സമിതിയുടെ അടുത്ത യോഗം ഹൈദരാബാദിൽ നടക്കും.

25 വർഷത്തേക്കു വേണ്ട

 അടുത്ത 25 വർഷത്തേക്ക് മണ്ഡല പുനർനിർണയം നടത്തരുതെന്ന പ്രമേയം യോഗം പാസാക്കി. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിമാർ രാഷ്ട്രപതിയെ കാണും

 ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനങ്ങളെ ശിക്ഷിക്കരുത്. പ്രതിപക്ഷ എം.പിമാർ പാർലമെന്റിൽ ഒറ്റക്കെട്ടായി പുനർനിർണയത്തെ എതിർക്കും

 തുടർനടപടി ഏകോപിപ്പിക്കുന്നതിന് എം.പിമാരുടെ സഹസമിതി രൂപീകരിച്ചു. എം.പിമാർ പ്രധാനമന്ത്രിക്ക് സംയുക്ത നിവേദനം സമർപ്പിക്കും

 സംസ്ഥാന നിയമസഭകൾ ഈ ആവശ്യം ഉന്നയിച്ച് പ്രമേയം പാസാക്കും. പുനർനിർണയത്തിനെതിരായ സന്ദേശം ജനങ്ങളിലെത്തിക്കും


Source link

Related Articles

Back to top button