LATEST NEWS

ഷാബാ ഷരീഫ് വധം: ഒന്നാം പ്രതി ഷൈബിന് 13 വർഷം തടവ്


മലപ്പുറം∙ മൈസൂരു രാജീവ് നഗർ സ്വദേശിയായ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് (50) കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതി നിലമ്പൂർ മുക്കട്ട കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫിന് (37) 13 വർഷവും 9 മാസവും ശിക്ഷ വിധിച്ചു. രണ്ടാം പ്രതിയും ഷൈബിന്റെ മാനേജറുമായ വയനാട് ബത്തേരി പൊന്നക്കാരൻ ഷിഹാബുദ്ദീന് (39) 8 വർഷവും 9 മാസവും  ഷൈബിന്റെ കൂട്ടാളിയായ ആറാം പ്രതി നിലമ്പൂർ നടുതൊടിക നിഷാദിന് (32) 5 വർഷവും 9 മാസവും മഞ്ചേരി അഡീഷനൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചു. ഇതു കൂടാതെ ഒന്നാം പ്രതി ഷൈബിന് 2,45,000 രൂപ പിഴയായും അടയ്ക്കണം. രണ്ടാം പ്രതി 60,000 രൂപയും ആറാം പ്രതി 45,000 രൂപയും പിഴ അടയ്ക്കണം. മനഃപൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തപ്പെട്ടത്. മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി രഹസ്യം ചോർത്താൻ 2019 ഓഗസ്റ്റ് ഒന്നിന് മൈസുരുവിൽനിന്നു തട്ടിക്കൊണ്ടുവന്ന ഷാബാ ഷെരീഫിനെ നിലമ്പൂർ മുക്കട്ടയിലെ ഷൈബിന്റെ വീട്ടിൽ താമസിപ്പിച്ചു. ഇവിടെ വച്ച് ഷാബാ ഷെരീഫിനെ കടുത്ത പീഡനങ്ങൾക്കിരയാക്കിയെങ്കിലും ഒറ്റമൂലി രഹസ്യം വെളിപ്പെടുത്തിയില്ല. തുടർന്ന് 2020 ഒക്ടോബർ 8ന് ഷാബാ ഷെരീഫിനെ കൊലപ്പെടുത്തി ശരീരം കഷണങ്ങളാക്കി ചാക്കിൽകെട്ടി ചാലിയാറിൽ ഒഴുക്കി എന്നാണു കേസ്. 15 പ്രതികളായിരുന്നു കേസിൽ ഉണ്ടായിരുന്നത്. ഇതിൽ 9 പേരെ കോടതി വിട്ടയച്ചു. ഏഴാം പ്രതി തങ്ങളകത്ത് നൗഷാദ് മാപ്പു സാക്ഷിയായി. പതിനഞ്ചാം പ്രതി ഷമീം ഇപ്പോൾ ഒളിവിലാണ്. പതിനാലാം പ്രതി ഒളിവിലായിരിക്കെ ഗോവയിൽ വൃക്കരോഗം ബാധിച്ചു മരിച്ചു.തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുൻപിൽ 5 പേരുടെ ആത്മഹത്യാഭീഷണിയിൽനിന്നാണ് ഒന്നരവർഷം ആരുമറിയാതെപോയൊരു കൊലപാതകത്തെക്കുറിച്ചുള്ള സൂചന ലഭിക്കുന്നത്. 2022 ഏപ്രിൽ 28ന് ആണ്, കേസിൽ പിന്നീടു മാപ്പുസാക്ഷിയായ നൗഷാദ് അടക്കമുള്ളവർ ആത്മഹത്യാഭീഷണി മുഴക്കിയത്. പല കുറ്റകൃത്യങ്ങളിലും തങ്ങളെ പങ്കാളികളാക്കിയ ഷൈബിൻ തങ്ങളെ വകവരുത്താൻ ശ്രമിക്കുന്നെന്നു പറഞ്ഞായിരുന്നു ആത്മഹത്യാഭീഷണി. 


Source link

Related Articles

Back to top button