KERALAM

സ്ട്രെസുണ്ടോ,​ ശില്പം തീർത്ത് കൂളാവാം, റീമയുടെ പോട്ടറി സ്റ്റുഡിയോ റെഡി

എറണാകുളം ഗിരിനഗറിലെ സോയിൽ ടു സോൾ പോട്ടറി സ്റ്റുഡിയോയിൽ സെറാമിക് ശില്പനിർമ്മാണത്തിൽ റീമാ സിംഗ്

കൊച്ചി: പിരിമുറുക്കത്തിലാണോ. പാട്ടിനുവിട്ട് റീമയുടെ പോട്ടറി സ്റ്റുഡിയോയിൽ വരൂ. സെറാമിക് പാത്രമോ ശില്പമോ മെനയാം. ‘സോയിൽ ടു സോൾ” സ്റ്റുഡിയോയിൽ സന്തോഷം ഗ്യാരന്റി. ഒപ്പം പരിശീലനവും.

എറണാകുളം ഗിരിനഗർ എട്ടാം ഇടവഴിയിലെ വീടിന്റെ ടെറസിലാണ് സ്റ്റുഡിയോ. കുഴച്ചെടുത്ത മണ്ണുമായി റീമ (38) ഇവിടെയുണ്ട്. ചക്രത്തിൽ കറങ്ങുന്ന സെറാമിക് ക്ലേയിൽ നിന്ന് സൃഷ്ടികൾ വാർത്തെടുക്കുന്നതിലാണ് കൗതുകം.

ചെന്നൈയിൽ വളർന്ന റീമ, പഞ്ചാബി പവൻദീപ് സിംഗിന്റെ വധുവായി 2007ലാണ് കൊച്ചിയിലെത്തിയത്. ക്രിയേറ്റിവിറ്റി മനസിലുണ്ടായിരുന്നു. 7 വർഷം മുമ്പ് സുഹൃത്തിൽ നിന്ന് പോട്ടറി പഠിച്ചെടുത്തു. സ്വന്തമായി നിർമ്മിച്ച സെറാമിക് പാത്രങ്ങൾക്ക് ആവശ്യക്കാരുണ്ടായി. ഗിഫ്റ്റ് ഇനങ്ങളായും വില്പന കിട്ടി. തുടർന്നാണ് സ്റ്റുഡിയോ സജ്ജമാക്കിയത്.

പരിശീലനത്തിന് വിവിധ പ്രായത്തിലുള്ളവർ വരുന്നുണ്ട്. സമയമുള്ളപ്പോഴെല്ലാം ഓടിയെത്തുന്ന ശിഷ്യരുമുണ്ട്. ഒരു മണിക്കൂർ മുതൽ 20 ദിവസംവരെ നീളുന്ന ശില്പശാലകളാണ്. ക്ലേയും സാമഗ്രികളും സഹിതം 1000- 12,000 രൂപ യാണ് ഫീസ്. അവരവരുടെ സൃഷ്ടികൾ കൊണ്ടുപോകാം.

ഇലക്ട്രിക്കൽ ചൂളയും ചക്രങ്ങളുമാണ് പ്രധാന യന്ത്രങ്ങൾ. കളിമണ്ണ് സംസ്കരിച്ചെടുത്ത സെറാമിക് ക്ലേ ഹരിയാനയിൽ നിന്നാണ് വാങ്ങുന്നത്. റീമയ്ക്ക് രണ്ടു മക്കൾ. വിദ്യാർത്ഥികളായ മെഹർ, ജിയ.

8 ദിവസം

ക്ലേ ചപ്പാത്തിപ്പരുവത്തിൽ കുഴയ്ക്കും. തൂക്കം നോക്കി മുറിക്കും. കറങ്ങുന്ന വീലിൽ പതിപ്പിച്ച് കൈ കൊണ്ട് പാത്രങ്ങളും മറ്റും മെനഞ്ഞെടുക്കും. ഈർപ്പം വാർന്നിട്ട് 36 മണിക്കൂർ ചൂളയിൽ ചുട്ടെടുക്കും. വിവിധ നിറത്തിലുള്ള ഗ്ലേസർ ലായിനിയിൽ മുക്കുന്നതോടെ മിനുസമാകും. വീണ്ടും ഉണക്കി ഉപയോഗത്തിലാക്കാൻ 8 ദിവസമെടുക്കും.

ആംപ്ലിഫയർ വരെ

50 മുതൽ 25,000 രൂപ വരെയുള്ള സെറാമിക് ഉത്പന്നങ്ങൾ സ്റ്റുഡിയോയിലുണ്ട്. റീമയുടെ കണ്ടെത്തലായ ആംപ്ലിഫയറാണ് ശ്രദ്ധേയം. ഗ്രാമഫോൺ ആകൃതിയിലുള്ള മൊബൈൽ ഫോൺ ഹോൾഡറാണിത്. ഫോണിലെ ശബ്ദം ആംപ്ലിഫയറിന്റെ കുഴലിലൂടെ വരുമ്പോൾ ഉച്ചത്തിലാകും.

3 മാസത്തെ ഫുൾടൈം കോഴ്സ് ഉടൻ തുടങ്ങും. പൂർത്തിയാക്കുന്നവർ പോട്ടറിയിൽ പ്രൊഫഷണലാകും

– റീമാ സിംഗ്


Source link

Related Articles

Back to top button