‘പറയാനാവുന്നതിലും അധികം ബുദ്ധിമുട്ടിലൂടെയാണ് ഈ കാലമത്രയും റിയ കടന്നുപോയത്; അവർ ആദരവർഹിക്കുന്നു’

മുംബൈ∙ ബോളിവുഡ് നടൻ സുശാന്ത് സിങ്ങിന്റേത് ആത്മഹത്യ തന്നെയെന്ന് അന്വേഷണ റിപ്പോർട്ട് നൽകിയ സിബിഐക്കു നന്ദി പറഞ്ഞ് നടി റിയ ചക്രവർത്തിയുടെ അഭിഭാഷകൻ. 2020 ജൂണിലാണ് സുശാന്തിനെ മുംബൈയിലെ വസതിയിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 5 വർഷത്തിനു ശേഷം പുറത്തുവന്ന റിപ്പോർട്ടിൽ മരണത്തിൽ ദുരൂഹതയില്ലെന്നും സുശാന്തിന്റെ സുഹൃത്തായിരുന്ന നടി റിയ ചക്രവർത്തിക്ക് മരണത്തിൽ ഏതെങ്കിലും തരത്തിൽ പങ്കുള്ളതായി കണ്ടെത്താനായില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. മരണം ആത്മഹത്യയാണെന്നായിരുന്നു മുംബൈ പൊലീസിന്റെ പ്രാഥമിക നിഗമനം എങ്കിലും സുശാന്തിന്റെ മാതാപിതാക്കൾ മകന്റേത് കൊലപാതകമാണെന്ന ആരോപണവുമായി രംഗത്തെത്തിയതോടെയാണ് സുശാന്തിന്റെ സുഹൃത്തായിരുന്ന റിയ ചക്രവർത്തിക്കെതിരെ അന്വേഷണമുണ്ടായത്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ പിന്നാലെ അറസ്റ്റിലായ റിയ ചക്രവർത്തി 27 ദിവസം ജയിൽവാസവും അനുഭവിച്ചു.‘‘മുഖ്യധാരാ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും റിയ ചക്രവർത്തിക്കും കുടുംബത്തിനുമെതിരെ വലിയ തോതിലുള്ള അസത്യ പ്രചാരണങ്ങളാണ് നടന്നത്. പറയാനാവുന്നതിലും അധികം ബുദ്ധിമുട്ടിലൂടെയാണ് ഈ കാലമത്രയും റിയയും കുടുംബവും കടന്നുപോയത്. മനുഷ്യത്വരഹിതമായ സമീപനം നേരിടേണ്ടി വന്നപ്പോഴും നിശബ്ദത പാലിച്ചതിന് ആ കുടുംബം ആദരവർഹിക്കുന്നു.’’ റിയയുടെ അഭിഭാഷകൻ സതീഷ് മനേഷിൻഡേ മാധ്യമങ്ങളോട് പറഞ്ഞു.
Source link