30 ശതമാനം മാർക്കില്ലെങ്കിൽ സേ, എട്ടാം ക്ലാസ് പരീക്ഷാഫലം ഏപ്രിൽ നാലിന്

തിരുവനന്തപുരം: ഈ അദ്ധ്യയനവർഷം മുതൽ എഴുത്തുപരീക്ഷയിൽ മിനിമം മാർക്ക് നടപ്പാക്കുന്നതിന്റെ ഭാഗമായി എട്ടാം ക്ലാസ് പരീക്ഷാഫലം ഏപ്രിൽ നാലിന് പ്രഖ്യാപിക്കും. 30 ശതമാനം മാർക്ക് നേടാത്തവർക്ക് ഏപ്രിൽ അവസാനം വീണ്ടും പരീക്ഷയെഴുതിക്കാനാണ് ഫലപ്രഖ്യാപനം നേരത്തെയാക്കാൻ മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷനായ വിദ്യാഭ്യാസ ഗുണമേന്മാ സമിതി തീരുമാനിച്ചത്. എട്ടാം ക്ലാസിലെ വിഷയങ്ങളിൽ 50 മാർക്കിൽ 40 മാർക്കിനാണ് എഴുത്തുപരീക്ഷ. ഇതിൽ 12 മാർക്കാണ് മിനിമം നേടേണ്ടത്.
പഠനപിന്തുണ ആവശ്യമുള്ളവരുടെ രക്ഷിതാക്കളുടെ യോഗം ആറിനും ഏഴിനുമായി സ്‌കൂളുകളിൽ ചേരും. ഏപ്രിൽ എട്ടു മുതൽ 24 വരെ പഠനപിന്തുണ ക്ലാസുകൾ നടക്കും. 25ന് വീണ്ടും പരീക്ഷ നടത്തി 30നു ഫലം പ്രഖ്യാപിക്കും.
എഴുത്തുപരീക്ഷയിലെ മിനിമം മാർക്ക് അടുത്ത വർഷം ഒമ്പതിലേക്കും തൊട്ടടുത്ത വർഷം പത്തിലേക്കും വ്യാപിപ്പിക്കും. ഈ വർഷം എട്ടാം ക്ലാസിൽ നടപ്പാക്കുന്ന രണ്ടാമതൊരു എഴുത്തു പരീക്ഷ സമ്പ്രദായം വരും വർഷങ്ങളിൽ ഒമ്പത്,പത്ത് ക്ലാസുകളിലും നടപ്പാക്കും. അതേസമയം,അദ്ധ്യാപകർക്ക് വേനലവധിക്കാലത്ത് നൽകുന്ന അഞ്ചു ദിവസത്തെ പരിശീലനത്തിൽ പുതിയ പാഠപുസ്തകങ്ങൾ പരിചയപ്പെടുത്തുന്നതിനൊപ്പം നിർമ്മിതബുദ്ധി പരിശീലനവും നൽകും.
അടുത്ത അദ്ധ്യയനവർഷത്തിന് മുമ്പ് അദ്ധ്യാപകരുടെ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും പൂർത്തീകരിക്കണമെന്ന് അദ്ധ്യാപക സംഘടനകൾ ആവശ്യപ്പെട്ടു. കെ-ടെറ്റ് പാസാകാത്തവരെ പിരിച്ചുവിടാനുള്ള നീക്കം മനുഷ്യത്വരഹിതമാണെന്ന് പ്രതിപക്ഷ സംഘടനയായ കെ.പി.എസ്.ടി.എ കുറ്റപ്പെടുത്തി.
ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റ്;
മന്ത്രി റിപ്പോർട്ട് തേടി
ഹയർ സെക്കൻഡറി വാർഷിക പരീക്ഷയുടെ ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റുകൾ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശം നൽകി. രഹസ്യാത്മകമായി നടത്തപ്പെടുന്ന ചോദ്യപേപ്പർ നിർമ്മാണത്തിന്റെ ഏതു ഘട്ടത്തിലാണ് അശ്രദ്ധ ഉണ്ടായതെന്ന് കണ്ടെത്തും. വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങളുണ്ടെങ്കിൽ മൂല്യനിർണയ സമയത്ത് വേണ്ട തീരുമാനങ്ങളും നടപടികളും കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.
10-ാം ക്ലാസ് പാഠപുസ്തകങ്ങൾ മുഖ്യമന്ത്രി നാളെ പ്രകാശനം ചെയ്യും
തിരുവനന്തപുരം: പത്താംക്ലാസിലെ പാഠപുസ്തകങ്ങളുടെ പ്രകാശനവും വിതരണ ഉദ്ഘാടനവും നാളെ ഉച്ചയ്ക്ക് 12:30ന് നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മറ്റ് ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം ഏപ്രിൽ രണ്ടാംവാരം നടക്കും. കഴിഞ്ഞ വർഷം പരിഷ്കരിച്ച 1,3,5,7,9 ക്ലാസുകളിലെ 205 ടൈറ്റിലുകളിലായി 1.8 കോടി പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തീകരിച്ച് വിദ്യാലയങ്ങളിലെത്തിക്കഴിഞ്ഞു.
Source link