‘ബിജുവും ജോമോനും തമ്മിൽ ഏറെ നാളായി തർക്കം; കൊന്നത് വ്യാഴാഴ്ച രാവിലെ കാറിൽ’


തൊടുപുഴ ∙ കാണാതായ ചുങ്കം സ്വദേശിയും കാറ്ററിങ് കമ്പനി മുൻ ഉടമയുമായ ബിജു ജോസഫിന്റെ മൃതദേഹം കലയന്താനിയിലെ മാൻഹോളിൽനിന്നു പുറത്തെടുത്തു. ഭിത്തിയടക്കം തുരന്നു പുറത്തെടുത്ത മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി മാറ്റി. ബിജു ജോസഫ് വ്യാഴാഴ്ച രാവിലെതന്നെ കൊല്ലപ്പെട്ടിരുന്നതായി ഇടുക്കി എസ്പി ടി.കെ.വിഷ്ണുപ്രദീപ് പറഞ്ഞു.‘‘വ്യാഴാഴ്ച രാവിലെ കാറിലാണു ബിജുവിനെ പ്രതികൾ തട്ടിക്കൊണ്ടു പോയത്. ബിജു കാറിൽ വച്ചുതന്നെ കൊല്ലപ്പെട്ടിരുന്നു. പത്തു മണിയോടെ മൃതദേഹം ഗോഡൗണിൽ എത്തിച്ചു. ഒന്നാം പ്രതി ജോമോനാണു ക്വട്ടേഷൻ കൊടുത്തത്. കേസിൽ ആകെ നാല് പ്രതികളാണുള്ളത്. ജോമോൻ ഉൾപ്പെടെ 3 പേർ കസ്റ്റഡിയിലായി. ഒരാൾ കാപ്പ നിയമപ്രകാരം ജയിലിലാണ്.’’– എസ്‌പി വിശദീകരിച്ചു.സാമ്പത്തിക തർക്കമാണു കൊലപാതകത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു. ബിജുവും ജോമോനും തമ്മിൽ ഏറെനാളായി പണത്തെച്ചൊല്ലി തർക്കമുണ്ടായിരുന്നു. ഇവർ പങ്കാളികളായി നേരത്തേ ബിസിനസ് നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ ബിജുവിനെ പിന്നീട് കാണാതാകുകയായിരുന്നു. ഇന്നലെ ബന്ധുക്കൾ ബിജുവിനെ കാണാനില്ലെന്നു പരാതി നൽകി.


Source link

Exit mobile version