യു.ഡി.എഫ് വന്നാൽ എല്ലാവർക്കും ഇൻഷ്വറൻസ് നൽകും: ചെന്നിത്തല

തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കേരളത്തിലെ മുഴുവൻ ജനങ്ങളെയും ഇൻഷ്വർ ചെയ്യുന്ന പദ്ധതി നടപ്പിലാക്കുമെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ്, ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിയുമായി ചേർന്ന് വ്യപാരികൾക്കായി നടപ്പിലാക്കിയ 26 ലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സത്യൻ മെമ്മോറിയൽ ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വികസിത രാജ്യങ്ങളിലും ജനങ്ങൾക്ക് സർക്കാരിന്റെ ഇൻഷ്വറൻസ് പോളിസിയുണ്ട്. കേരളത്തിൽ അതു നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇൻഷ്വറൻസ് ഇല്ലാത്തവർക്ക് മതിയായ ചികിത്സ അന്യമാകുന്ന ദുരവസ്ഥയുണ്ട്. ഈ അവസ്ഥയ്ക്ക് പരിഹാരം കാണാനാണ് യു.ഡി.എഫ് ആഗ്രഹിക്കുന്നത്. ‘കഷ്ടപ്പാടുകൾക്കെതിരെ കൈകോർക്കാൻ” എന്ന ഈ ഇൻഷ്വറൻസ് പദ്ധതി മാതൃകാപരമായ പ്രവർത്തനമാണെന്നും ചെന്നിത്തല പറഞ്ഞു.
ചടങ്ങിൽ ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ. പാളയം അശോക് അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായിരുന്ന ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി സീനിയർ മാനേജർ ലക്ഷ്മി വേണുഗോപാൽ പദ്ധതി വിശദീകരിച്ചു. മുൻ എം.എൽ.എ എ.ടി.ജോയ്, കെ.എൻ.എം.എസ് സംസ്ഥാന പ്രസിഡന്റ് ജെ.ലോറൻസ്, ദേവനേശൻ തുടങ്ങിയവർ സംസാരിച്ചു. ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി കുരുവിള സ്വാഗതവും ജില്ലാ പ്രസിഡന്റ് പേരൂർക്കട മോഹനൻ നന്ദിയും പറഞ്ഞു. ചടങ്ങിന് മുന്നോടിയായി ഡോ. പാളയം അശോകിന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘എ.കെ.ഇന്ത്യ മീഡിയ” യൂട്യൂബ് ചാനലിന്റെ ലോഞ്ചിംഗും നടന്നു. കേരള ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.
Source link