KERALAMLATEST NEWS

ആശമാരുടെ നിരാഹാര സമരം നാലാം ദിവസത്തിലേയ്ക്ക്

തിരുവനന്തപുരം: അവകാശങ്ങൾ നേടിയെടുക്കുന്നതിനായി ആശാവർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം മൂന്നുദിവസം പിന്നിട്ടു. നിരാഹാരം കിടക്കുന്ന മൂന്നു ആശമാർക്ക് പിന്തുണയുമായി എല്ലാ ആശമാരും നാളെ കൂട്ട ഉപവാസമിരിക്കും. ജില്ലാ കേന്ദ്രങ്ങൾക്കും പി.എച്ച്സി. സെന്ററുകൾക്കും മുന്നിലാണ് ഉപവാസം.

ആദ്യദിവസം മുതൽ നിരാഹാരമിരിക്കുന്ന ആർ.ഷീജയെ നെഞ്ചുവേദനയെ തുടർന്ന് കഴിഞ്ഞദിവസം ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. കടുത്ത വേനലിനെ തുടർന്നുണ്ടായ നിർജ്ജലീകരണമായിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും വീട്ടിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ആരോഗ്യം മെച്ചപ്പെടുന്നതിനനുസരിച്ച് സമരപ്പന്തലിലേയ്ക്ക് മടങ്ങിയെത്തും. നിലവിൽ ആശാപ്രവർത്തകരായ ശോഭ,ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദു,തങ്കമണി എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. ആശാപ്രവർത്തകർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിട്ടും സർക്കാർ ഡോക്ടർ പരിശോധനയ്ക്കെത്തിയിട്ടില്ല. സ്വകാര്യ ക്ലിനിക്കുകളിൽ നിന്നുള്ള ഡോക്ടർമാരാണ് സ്വയം സന്നദ്ധരായി എത്തിയിട്ടുള്ളത്. അതേസമയം,ഇന്നലെ ആശമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാസർകോട് നിന്നുള്ള ആശാപ്രവർത്തകരെത്തി.

മന്ത്രി പറയുന്നത്

പച്ചക്കള്ളം: കെ. മുരളീധരൻ

ഡൽഹിയിൽ പോയിട്ട് ആരോഗ്യമന്ത്രിയെ കാണാനായില്ലെന്ന് മന്ത്രി വീണാ ജോർജ് പറയുന്നത് പച്ചക്കള്ളമാണെന്ന് സമരപ്പന്തൽ സന്ദർശിച്ച കെ. മുരളീധരൻ പറഞ്ഞു. ആരോഗ്യമന്ത്രി ക്യൂബൻ മന്ത്രിയെ മാത്രം കണ്ട് മടങ്ങിയെത്തി. സമരത്തെ ഭീഷണികൊണ്ട് അടിച്ചമർത്താമെന്ന് പിണറായി കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആശമാരെ അവഹേളിക്കുന്നതിന് സി.പി.എമ്മിന്റെ നേതൃത്വത്തിൽ ആസൂത്രിതനീക്കം നടക്കുന്നതായി അടൂർ പ്രകാശ് എം.പി പറഞ്ഞു. സമരചരിത്രത്തിൽ പുതിയൊരു ചരിത്രമാണ് ആശമാർ രചിക്കുന്നതെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞു.

സ്കോളർഷിപ്പ് തുക സമരത്തിന്

നാലാഞ്ചിറ സർവോദയ സെൻട്രൽ സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർത്ഥി അർണവ് മാമൻ ചെറിയാൻ തനിക്ക് കിട്ടിയ പി.സി.എം സ്കോളർഷിപ്പ് തുക സമരത്തിന് സംഭാവനയായി നൽകി.


Source link

Related Articles

Back to top button