KERALAMLATEST NEWS

ചരിത്രമാകാൻ എറണാകുളം ജനറൽ ആശുപത്രി

കൊച്ചി: ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജനറൽ ആശുപത്രിയെന്ന ഖ്യാതിയിലേക്ക് എറണാകുളം ജനറൽ ആശുപത്രി. ഏപ്രിൽ രണ്ടാമത്തെ ആഴ്ചമുതൽ എപ്പോൾ വേണമെങ്കിലും ആ ചരിത്രനിമിഷമുണ്ടാകാം. എറണാകുളം സ്വദേശികളായ രണ്ടുപേരും ചേർത്തല സ്വദേശിയായ ഒരാളും ഉൾപ്പെടെ നാല് പേരാണ് ശസ്ത്രക്രിയയ്ക്ക് കാത്തിരിക്കുന്നത്. ഇവരുടെ പരിശോധനകളെല്ലാം പൂർത്തി​യായി​. അനുയോജ്യമായ ഹൃദയം ലഭ്യമായാൽ ഉടൻ ശസ്ത്രക്രിയ നടത്തും.

വൃക്ക മാറ്റിവയ്ക്കൽ,ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയകൾ എന്നിവ രാജ്യത്ത് ആദ്യമായി നടത്തിയ ജനറൽ ആശുപത്രിയാണിത്. ഹൃദയം മാറ്റിവയ്ക്കാനുള്ള കെ-സോട്ടോ (കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ളാന്റ് ഓർഗനൈസേഷൻ) അനുമതി ഉൾപ്പെടെയുള്ള കടമ്പകൾ ആശുപത്രി പിന്നിട്ടു. ഡോ. അനൂപ് കൃഷ്ണന്റെ നേതൃത്വത്തിൽ അഞ്ച് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തി​യായതിനു പിന്നാലെയാണ് സർക്കാരിന്റെ മൃതസഞ്ജീവനിയുമായി സഹകരിച്ച് ഹൃദയം മാറ്റി​വയ്ക്കലി​നുള്ള നടപടികൾക്ക് തുടക്കമായത്.

പൂർണസജ്ജം

ഹൃദയം മാറ്റിവയ്ക്കലിന് സൂപ്പർസ്പെഷ്യാലിറ്റി ബ്ലോക്കിൽ രണ്ട് ആധുനിക ഓപ്പറേഷൻ തിയേറ്ററുകൾ,ആറുപേരുടെ ടീമുള്ള ഐ.സി.യു,20ലേറെ കിടക്കകളുള്ള പോസ്റ്റ് ഓപ്പറേഷൻ വാർഡ് എന്നിവയും സജ്ജമാണ്. ഡോ. ജോർജ് വാളൂരാൻ,ഡോ. ജിയോപോൾ,ഡോ. രാഹുൽ,ഡോ. റോഷ്‌ന എന്നിവരുടെ നേതൃത്വത്തിലാകും ശസ്ത്രക്രിയ. രണ്ട് അനസ്‌തെറ്റിസ്റ്റുകളും 33 നഴ്സുമാരും പാരാമെഡിക്കൽ ജീവനക്കാരുമുൾപ്പെടെ 45ലേറെപ്പേർ ടീമിലുണ്ട്.

കോടികളുടെ മെഷീനുകൾ

ഹൃദയം മാറ്റിവയ്ക്കലിനായി ഒന്നരക്കോടിയോളം രൂപയുടെ സജ്ജീകരണങ്ങളാണ് അധികമായൊരുക്കിയത്. ഇതിനു പുറമേ ഒന്നരക്കോടിയുടെ ഹാർട്ട് ലംഗ് മെഷീൻ,അരക്കോടിയുടെ എച്ച്.ബി.പി മോണിറ്റർ,എഗ്മോ എന്നീ മെഷീനുകൾ രണ്ടുവീതം. 70 ലക്ഷം കൊച്ചിൻ ഷിപ്പ്‌യാർഡ്,50 ലക്ഷം ആശുപത്രി വികസനഫണ്ട്,25 ലക്ഷം റോട്ടറി ഫണ്ട് എന്നിങ്ങനെയാണ് ഫണ്ട് കണ്ടെത്തിയത്.

ജനറൽ ആശുപത്രി രാജ്യത്തിന് മാതൃകയാകുകയാണ്. എത്രയും

വേഗം നടപടികൾ പൂർത്തിയാക്കും.

-ഡോ.ആർ. ഷഹീർഷാ,സൂപ്രണ്ട്
എറണാകുളം ജനറൽ ആശുപത്രി


Source link

Related Articles

Back to top button