പറവൂർ സ്വദേശിക്കുമേൽ ചുമത്തിയ കാപ്പ കുറ്റം, തെളിഞ്ഞത് തൊടുപുഴയിലെ കൊലപാതകം; ക്വട്ടേഷൻ 6 ലക്ഷത്തിന്?

കൊച്ചി ∙ കൊല്ലപ്പെട്ട തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ കൊലയാളികളിലേക്ക് എത്താൻ പൊലീസിന് നിർണായകമായത് എറണാകുളം പറവൂർ സ്വദേശിക്കുമേൽ ചുമത്തിയ കാപ്പ കുറ്റം. പറവൂർ വടക്കേക്കര കുഞ്ഞിത്തൈ സ്വദേശി ആഷിക്കി (27)നെതിരെ കാപ്പാ കേസ് ചുമത്തി അറസ്റ്റ് ചെയ്യാനുള്ള തീരുമാനമാണ് ബിജുവിന്റെ കൊലയാളികളിലേക്ക് പൊലീസിന്റെ അന്വേഷണം എത്തിച്ചത്.അടിപിടി കേസുകളിൽ പ്രതിയായ ആഷിക്കിനെതിരെ കാപ്പ കേസ് ചുമത്താൻ മുനമ്പം ഡിവൈഎസ്പി ഓഫിസിൽനിന്നു നിർദേശം വന്നതോടെയാണ് വടക്കേക്കര പൊലീസ് ഇയാളെ തിരയാൻ ആരംഭിച്ചത്. ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇയാൾ തൊടുപുഴ ഭാഗത്തുണ്ടെന്ന് മനസ്സിലായി. തുടർന്ന് വടക്കേക്കര പൊലീസ് തൊടുപുഴ പൊലീസിനെ വിവരമറിയിച്ചതോടെ അവരാണ് ആഷിക്കിനെ പിടികൂടുന്നത്. പിന്നീട് വടക്കേക്കര പൊലീസിന് കൈമാറി. തിരികെ എത്തിച്ച ആഷിക്കിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതിനെ തുടർന്ന് ഇപ്പോൾ ആലുവ സബ്‍ ജയിലിലാണ്.ഈ സമയത്തൊന്നും ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം തുടങ്ങിയിരുന്നില്ല. ബിജുവിനെ കാണാനില്ലെന്ന പരാതി കുടുംബം നൽകുന്നത് ഈ സമയത്താണ്. ബിജുവുമായി പ്രശ്നമുള്ളവരുടെ പേരുകൾ കുടുംബം നൽകിയതിൽ മുൻ ബിസിനസ് പങ്കാളിയായ ജോമോന്റെ പേരും ഉണ്ടായിരുന്നു. എന്നാൽ കാപ്പ കേസ് ചുമത്താൻ തക്ക കുറ്റങ്ങൾ ചെയ്തിട്ടുള്ള ആഷിക്ക് എന്തിനാണ് ബിജുവിനെ കാണാതായ ദിവസങ്ങളിൽ തൊടുപുഴയിൽ വന്നതെന്ന സംശയം പൊലീസിനുണ്ടായി. തുടർന്ന് ഇയാളിൽ നിന്ന് പൊലീസ് ശേഖരിച്ച വിവരമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചതും ജോമോനിലേക്കും എത്തിയത്. ആഷിക്കിനു പുറമെ എറണാകുളത്ത് താമസിക്കുന്ന കണ്ണൂർ സ്വദേശി വിപിൻ, എറണാകുളം സ്വദേശിയായ അസ്‌ലം എന്നിവരും കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
Source link