പെരുമ്പിലാവ് കൊലപാതകം: മുഖ്യപ്രതി പിടിയിൽ

തൃശൂർ: കുന്നംകുളം പെരുമ്പിലാവിൽ ഭാര്യയുടെ മുന്നിൽവച്ച് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ മുഖ്യപ്രതി ലിഷോയ് പിടിയിൽ. മരത്തംകോട് വാടകയ്ക്ക് താമസിക്കുന്ന കടവല്ലൂർ സ്വദേശി കൊട്ടിലിങ്ങൽ വീട്ടിൽ അക്ഷയാണ് (28) മരിച്ചത്. വെള്ളിയാഴ്ച രാത്രി പെരുമ്പിലാവ് ആൽത്തറ നാലുസെന്റ് കോളനിയിലായിരുന്നു സംഭവം. പെരുമ്പിലാവ് സ്വദേശി നിഖിൽ, ആകാശ്, പരിക്കേറ്റ് ആശുപത്രിയിലുള്ള ബാദുഷ എന്നിവ
ർ പൊലീസ് കസ്റ്റഡിയിലാണ്.
ലഹരി മാഫിയ സംഘത്തിൽപ്പെട്ടവരാണ് അക്ഷയും ലിഷോയിയും. വെള്ളിയാഴ്ച വൈകിട്ട് അക്ഷയും ഭാര്യയും കോളനിയിൽ സുഹൃത്തുക്കളെ കാണാനെത്തിയിരുന്നു. പെരുമ്പിലാവ് കറുപ്പം വീട്ടിൽ ബാദുഷയുടെ (28) വീട്ടിൽ വച്ച് തർക്കമുണ്ടാവുകയും രാത്രി എട്ടോടെ തിരിച്ചുപോകാൻ നേരം ലിഷോയിയും ബാദുഷയും ചേർന്ന് അക്ഷയെ ആക്രമിക്കുകയുമായിരുന്നു. വെട്ടേറ്റ ഇയാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
അക്ഷയുടെ ഭാര്യ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്. ബാദുഷയ്ക്കും ഇതിനിടെ വെട്ടേറ്റു. തുടർന്ന് ഒളിവിൽപ്പോയ മുഖ്യപ്രതി ലിഷോയിയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ലഹരിക്കടത്ത്, കച്ചവടം ഉൾപ്പെടെ നിരവധിക്രിമിനൽ കേസുകളിൽ പ്രതിയാണ് ലിഷോയിയും അക്ഷയിയും ബാദുഷായും. മൂന്നുമാസം മുൻപായിരുന്നു അക്ഷയിയുടെ വിവാഹം. കഴിഞ്ഞമാസം ഇയാളെ കഞ്ചാവുമായി പൊലീസ് പിടികൂടിയിരുന്നു.
കഞ്ചാവും റീൽസും കൊലയിലേക്ക്
കൊലയ്ക്ക് പിന്നിൽ റീൽസ് എടുത്തതിനെയും ലഹരിക്കടത്തിനെയും ചൊല്ലിയുള്ള തർക്കമെന്ന് പൊലീസ്. അക്ഷയ്ക്ക് താത്പര്യമില്ലാത്ത വ്യക്തിക്കൊപ്പം ലിഷോയിയും ബാദുഷയും റീൽസ് എടുത്തത് ചോദ്യം ചെയ്തതും തുടർന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള ഭീഷണിയുമാണ് തർക്കത്തിനും കൊലപാതകത്തിനും വഴിവച്ചത്.
ലഹരിക്കടത്തിനെ ചൊല്ലിയുള്ള തർക്കമാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. റെന്റ് എ കാറിനെ ചൊല്ലി പോർവിളി നടന്നതായും അക്ഷയ് എത്തിയത് വടിവാളുമായാണെന്നും പൊലീസ് പറയുന്നു.
Source link