ബിഗ് ജോർജ് ഇനി ഓർമ

ടെക്സസ്: 20-ാം നൂറ്റാണ്ടിലെ ഏറ്റവും മഹനീയമായ സ്പോർട്ടിംഗ് ഇവന്റായി വിശേഷിപ്പിക്കപ്പെട്ട റംബിൾ ഇൻ ദ ജംഗിളിൽ മുഹമ്മദ് അലിക്കെതിരേ ഇറങ്ങിയ അമേരിക്കൻ ബോക്സിംഗ് ഇതിഹാസം ജോർജ് ഫോർമാൻ (76) ഓർമയായി. ബിഗ് ജോർജ് എന്നറിയപ്പെട്ട ഫോർമാൻ, 1968 മെക്സിക്കോ ഒളിന്പിക്സിൽ ഹെവിവെയ്റ്റ് ബോക്സിംഗ് ചാന്പ്യനായിരുന്നു. 1995 ജൂണിൽ 46 വർഷവും അഞ്ച് മാസവും 18 ദിനവും പ്രായമുള്ളപ്പോൾ ചരിത്രത്തിൽ ഏറ്റവും പ്രായമുള്ള ഹെവിവെയ്റ്റ് ചാന്പ്യൻ എന്ന റിക്കാർഡ് കുറിച്ചു വെന്നിക്കൊടി പാറിച്ച ചരിത്രവും ബിഗ് ജോർജിനു സ്വന്തം. 1974ൽ മുഹമ്മദ് അലിക്കെതിരായ ദ റംബിൾ ഇൻ ദ ജംഗിൾ പോരാട്ടത്തിന്റെ എട്ടാം റൗണ്ടിൽ ജോർജ് ഫോർമാൻ നോക്കൗട്ട് ആയി തോറ്റു. ഫോർമാനെ നോക്കൗട്ടിലൂടെ കീഴടക്കിയ ഏക ബോക്സറാണ് അലി.
അതുവരെ തോൽവി അറിയാതെ രണ്ടു തവണ ചാന്പ്യൻപട്ടം നിലനിർത്തിയ ജോർജിനു പിന്നീട് ടൈറ്റിൽ ഒന്നും ലഭിച്ചില്ല. 1977ൽ റിട്ടയർ ചെയ്യുകയും ചെയ്തു. എന്നാൽ, 10 വർഷത്തിനുശേഷം 1994ൽ ഇടിക്കൂട്ടിലേക്കു തിരിച്ചെത്തിയ ബിഗ് ജോർജ്, ഇരുപത്താറുകാരനായ മൈക്കൽ മൂററിനെ നോക്കൗട്ട് ചെയ്ത് വീണ്ടും ചാന്പ്യൻപട്ടം സ്വന്തമാക്കി. മന്ത്രി, വ്യവസായി, എഴുത്തുകാരൻ തുടങ്ങിയ നിലകളിലും ഫോർമാൻ കഴിവു തെളിയിച്ചിരുന്നു. കരിയറിൽ 76-5 എന്നതായിരുന്നു ഫോർമാന്റെ ജയ-പരാജയ കണക്ക്. മുഹമ്മദ് അലിക്കു പിന്നാലെ ജിമ്മി യംഗ്, ഇവാൻഡർ ഹോളിഫീൽഡ്, ടോമി മോറിസണ്‍, ഷാനണ്‍ ബ്രിഗ്സ് എന്നിവർ മാത്രമാണ് ബിഗ് ജോർജിനെ റിംഗിൽ കീഴടക്കിയത്.
Source link