‘റെയ്‌ഡ് നടക്കുന്നതറിഞ്ഞ് എത്തിയ അഭിരാജിനെ പ്രതിയാക്കി’; ഹോസ്റ്റലിൽ കഞ്ചാവെത്തിക്കുന്നത് കെഎസ്‌യു പ്രവർത്തകരെന്ന് എസ്‌എഫ്‌ഐ നേതാവ്

കൊച്ചി: കളമശേരി കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി എസ്‌എഫ്‌ഐ ഏരിയ പ്രസിഡന്റ് ദേവരാജ്. ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിക്കുന്നത് കെഎസ്‌യുവിന്റെ രണ്ട് നേതാക്കൾ ചേർന്നാണ്. അവരുടെ പേരുകൾ പുറത്തുവിടാനോ ഒളിവിൽ പോയവരെ കണ്ടെത്താനോ പൊലീസ് ശ്രമിക്കുന്നില്ല. നിരപരാധിയായ എസ്‌എഫ്‌ഐ പ്രവർത്തകനെ കേസിലേക്ക് വലിച്ചിഴക്കുന്നു എന്നും ദേവരാജ് പറഞ്ഞു.
ദേവരാജ് പറഞ്ഞത്:
ഹോസ്റ്റലിന്റെ താഴത്തെ നിലയിൽ ആകാശ്, ആദിൽ എന്നീ വിദ്യാർത്ഥികളുടെ മുറിയിൽ നിന്നാണ് രണ്ട് കിലോ കഞ്ചാവ് ലഭിച്ചത്. റെയ്‌ഡ് നടന്നതറിഞ്ഞ് ആദിൽ ഹോസ്റ്റലിൽ നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാൾ കഴിഞ്ഞ യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യുവിന്റെ ആർട്‌സ് ക്ലബ് സെക്രട്ടറിയായി മത്സരിച്ച വ്യക്തിയാണ്. ആകാശ് എന്ന വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ആദിലും മറ്റൊരു വിദ്യാർത്ഥിയായ അനന്ദുവും ചേർന്നാണ് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിക്കുന്നതെന്ന് ആകാശ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കെഎസ്‌യുവിന്റെ സജീവ പ്രവർത്തകനാണ് അനന്ദു.
ഈ ക്യാമ്പസിൽ എസ്എഫ്ഐ യൂണിയന്റെ ഭാഗമായി നിൽക്കുന്ന ഏഴ് വിദ്യാർത്ഥികളോ യൂണിറ്റ് കമ്മിറ്റി അംഗങ്ങളോ ആയ വിദ്യാർത്ഥികൾ ആരുംതന്നെ ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നവരല്ല. ഇപ്പോൾ ആരോപണമുന്നയിക്കുന്ന അഭിരാജിന്റെ കയ്യിൽ നിന്നോ വസ്‌ത്രത്തിൽ നിന്നോ കഞ്ചാവ് കണ്ടെത്തിയിട്ടില്ല. ഇന്നലെ അഭിരാജ് ഹോസ്റ്റലിൽ പോലും ഉണ്ടായിരുന്നില്ല. യൂണിറ്റ് സമ്മേളനത്തിന്റെ അലങ്കാര പണികൾക്കായി ക്യാമ്പസിലായിരുന്നു അവൻ. റെയ്‌ഡ് നടക്കുന്നുണ്ടെന്നറിഞ്ഞ് മറ്റുള്ളവർക്കൊപ്പമാണ് അഭിരാജും എത്തിയത്.
ഇത് തന്റേതല്ല എന്ന് പറഞ്ഞിട്ടുകൂടി പൊലീസ് അഭിരാജിന്റെ പേരിൽ കേസെടുക്കുകയായിരുന്നു. ലഹരിക്കെതിരെ നിരന്തരം പോരാടുന്നവരും പ്രവർത്തിക്കുന്നവരുമാണ് കളമശേരിയിലെ എസ്‌എഫ്ഐക്കാർ. എന്നാൽ, കെഎസ്‌യു നേതാക്കളായ ആദിലിന്റെയോ അനന്ദുവിന്റെയോ പേരുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. മാദ്ധ്യമങ്ങൾ പോലും അത് പറയുന്നില്ല. അവർ നാടുവിട്ടു. ഇവർ എവിടെയെന്ന് പൊലീസ് അന്വേഷിക്കുന്നതുപോലുമില്ല.
Source link