KERALAM

ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റുകള്‍: അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം

ഹയര്‍ സെക്കന്‍ഡറി വാര്‍ഷിക പരീക്ഷയുടെ ചില ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് വിദ്യാഭ്യാസ വെകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. ചോദ്യപേപ്പര്‍ നിര്‍മ്മാണം രഹസ്യാത്മകമായി വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയാണ് നിര്‍വഹിക്കപ്പെടുന്നത്. ഇതില്‍ ഏതു ഘട്ടത്തിലാണ് അശ്രദ്ധ ഉണ്ടായത് എന്ന് കണ്ടെത്തും. വിദ്യാര്‍ത്ഥികളെ ഏറെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങള്‍ ഉണ്ടെങ്കില്‍ മൂല്യനിര്‍ണയ സമയത്ത് വേണ്ട തീരുമാനങ്ങളും നടപടികളും കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.

2025ലെ ഹയര്‍സെക്കന്‍ഡറി മലയാളം പാര്‍ട്ട് രണ്ട് പൊതു പരീക്ഷയുടെ ചോദ്യക്കടലാസിലാണ് ഗുരുതരമായ അക്ഷരത്തെറ്റുകള്‍ കണ്ടെത്തിയത്. ഒറ്റപ്പേപ്പറില്‍ മാത്രം ഒരു ഡസനിലേറെ അക്ഷരത്തെറ്റുകളാണ് വന്നിരിക്കുന്നത്. സംഭവത്തില്‍ കോടതിയെ സമീപിക്കാന്‍ ഒരു കൂട്ടം രക്ഷിതാക്കള്‍ ഒരുങ്ങിയിരിക്കവേയാണ് മന്ത്രിതന്നെ വിഷയത്തില്‍ ഇടപെട്ടത്.

‘താമസ’ത്തെ ‘താസമം’ എന്നും ‘നീലകണ്ഠശൈല’ത്തെ ‘നീലകണുശൈല’മെന്നും ‘കാതോര്‍ക്കും’ എന്ന പദത്തെ ‘കാരോര്‍ക്കു’മെന്നും ‘വലിപ്പത്തില്‍’ എന്ന വാക്കിനെ ‘വലിപ്പിത്തി’ലെന്നും ‘ഉല്‍ക്കണ്ഠകളെ’ ‘ഉല്‍ക്കണങ്ങളെ’ന്നും ‘ആധി’യെ ‘ആധിയ’മെന്നുമാണ് ചോദ്യപേപ്പറില്‍ കൊടുത്തിരിക്കുന്നത്. തീര്‍ത്തും നിരുത്തരവാദപരമായ പ്രവൃത്തിയാണ് ചോദ്യക്കടലാസ് നിര്‍മാണത്തില്‍ ഉണ്ടായിരിക്കുന്നതെന്ന വിമര്‍ശനം ശക്തമായിരുന്നു.

പ്ലസ് വണ്‍ ബയോളജി, പ്ലസ് ടു ഇക്കണോമിക്സ്, ബയോളജി, സുവോളജി തുടങ്ങിയ ചോദ്യക്കടലാസുകളിലും വന്‍തോതില്‍ അക്ഷരത്തെറ്റുകള്‍ കണ്ടെത്തി. ഇംഗ്ലീഷിലും മലയാളത്തിലും തയ്യാറാക്കിയ ചോദ്യക്കടലാസില്‍ മലയാളം ഭാഗത്തിലായിരുന്നു അക്ഷരത്തെറ്റുകള്‍.


Source link

Related Articles

Back to top button