KERALAMLATEST NEWS

വിവാദ നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി, മാറിടത്തിൽ സ്‌പർശിക്കുന്നത് മാനഭംഗശ്രമമല്ല

ന്യൂഡൽഹി : മാറിടത്തിൽ സ്‌പർശിക്കുന്നതും പൈജാമയുടെ വള്ളി പൊട്ടിക്കുന്നതും മാനഭംഗമോ മാനഭംഗ ശ്രമമോ അല്ലെന്ന വിവാദ നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി. ലൈംഗികാതിക്രമം മാത്രമാണെന്നാണ് ജസ്റ്റിസ് രാം മനോഹർ നാരായൺ മിശ്രയുടെ വിലയിരുത്തൽ. ലൈംഗികാതിക്രമ കുറ്റത്തിന് മാത്രം വിചാരണ നേരിട്ടാൽ മതിയെന്നും വ്യക്തമാക്കി. ഉത്തർപ്രദേശിൽ 11കാരിയെ രണ്ടുപേർ ചേർന്ന് പീഡനത്തിനിരയാക്കിയെന്ന കേസിലാണിത്. വിധിക്കെതിരെ സമൂഹ മാദ്ധ്യമങ്ങളിലുൾപ്പെടെ രൂക്ഷവി‌മർശനം ഉയർന്നു. സുപ്രീംകോടതി സ്വമേധയാ കേസെടുത്ത് ഇടപെടണമെന്ന് മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്സിംഗ് ആവശ്യപ്പെട്ടു.

2021ൽ ഉത്തർപ്രദേശിലെ കസ്ഗഞ്ചിലാണ് കേസിനാസ്പദമായ സംഭവം. നടന്നുപോകുകയായിരുന്ന പെൺകുട്ടിയെ ബൈക്കിലെത്തിയ ആകാശ്, പവൻ എന്നിവർ ചേർന്ന് തൊട്ടടുത്ത ഭൂഗർഭ തുരങ്കത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. മാറിടത്തിൽ ബലംപ്രയോഗിച്ചു. പൈജാമയുടെ വള്ളി പൊട്ടിച്ചു. പെൺകുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് ഓടിക്കൂടിയവരാണ് രക്ഷപ്പെടുത്തിയത്. പോക്സോയും ഇന്ത്യൻ ശിക്ഷാനിയമത്തിലെ മാനഭംഗക്കുറ്റവുമാണ് പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയത്. വിചാരണക്കോടതിയിൽ ഇതേകുറ്റങ്ങൾ ചുമത്തി നടപടികൾ ആരംഭിച്ചു. ഇതിനെതിരെ പ്രതികൾ അലഹബാദ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കുറ്റകൃത്യത്തിനുള്ള തയ്യാറെടുപ്പ് മാത്രമാണുണ്ടായതെന്ന വിലയിരുത്തലാണ് ജസ്റ്റിസ് രാം മനോഹർ നാരായൺ മിശ്രയുടെ ഭാഗത്തുനിന്നുണ്ടായത്. മാനഭംഗമോ, അതിനുള്ള ശ്രമമായോ കണ്ടെത്താൻ തെളിവില്ലെന്നും ചൂണ്ടിക്കാട്ടി.

വെറുതെവിടാനാകില്ലെന്ന്

സുപ്രീംകോടതി

അതേസമയം, ഇരയായ പെൺകുട്ടി വിചാരണയിൽ മൊഴി നൽകാതെ കരഞ്ഞുകൊണ്ടിരുന്നു എന്ന കാരണത്താൽ പ്രതിയെ വെറുതെ വിടാനാകില്ലെന്ന് രാജസ്ഥാനിലെ പീഡനക്കേസിൽ സുപ്രീംകോടതി നിരീക്ഷിച്ചത് ശ്രദ്ധേയം. പ്രതിയെ കുറ്റവിമുക്തനാക്കിയ രാജസ്ഥാൻ ഹൈക്കോടതിയുടെ നടപടി ജസ്റ്റിസുമാരായ വിക്രംനാഥ്, സഞ്ജയ് കരോൽ എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കി. വിചാരണക്കോടതി വിധിച്ച ഏഴുവർഷം കഠിനതടവ് ശിക്ഷ പുനഃസ്ഥാപിച്ചു. പെൺകുട്ടിയുടെ നേരിട്ടുള്ള മൊഴിയില്ലെന്ന് ചൂണ്ടിക്കാട്ടി സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് ഹൈക്കോടതി പ്രതിയെ വെറുതെവിട്ടത്. മെഡിക്കൽ – സാഹചര്യ തെളിവുകളുണ്ടെങ്കിൽ, ഇരയുടെ മൊഴിയുടെ അഭാവം ബാധകമല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. 1986 മാർച്ചിൽ നടന്ന സംഭവത്തിൽ 40 വർഷത്തോളം ഇരയും കുടുംബവും അനുഭവിച്ച വേദനയും കോടതി പരാമർശിച്ചു.


Source link

Related Articles

Back to top button