KERALAMLATEST NEWS

ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന കാസർകോട്ടെ നഴ്‌സിംഗ് വിദ്യാർത്ഥിനി മരിച്ചു

കാസർകോട്: കാഞ്ഞങ്ങാട് ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാർത്ഥിനി മരിച്ചു. മൻസൂർ ആശുപത്രിയിലെ മൂന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനി ചൈതന്യയാണ് മരിച്ചത്. കാസർകോട് പാണത്തൂർ സ്വദേശിനിയാണ്. കഴിഞ്ഞ ഡിസംബർ ഏഴിനാണ് കാഞ്ഞങ്ങാട്ടെ നഴ്‌സിംഗ് കോളേജ് ഹോസ്റ്റൽ മുറിയിൽ ചൈതന്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം.

ഹോസ്റ്റൽ വാർഡന്റെ മാനസിക പീഡനം മൂലമാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ പ്രതിഷേധ സമരം നടത്തിയിരുന്നു. വാർഡനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു വിദ്യാർത്ഥികൾ ഉന്നയിച്ചത്. ചൈതന്യയ്ക്ക് സുഖമില്ലാതായപ്പോൾ ഭക്ഷണം കൊടുക്കാൻ പോലും വാർഡൻ തയ്യാറായില്ല. സുഖമില്ലാതിരുന്ന അവസ്ഥയിലും മാനസികപീഡനം തുടർന്നു. ഇത് താങ്ങാൻ വയ്യാതെയാണ് ചൈതന്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മാനേജ്മെന്റ് വിദ്യാർത്ഥികളെ വിവരങ്ങൾ അറിയിച്ചില്ല. രക്തസമ്മർദ്ദം കുറയുന്നതുൾപ്പെടെ അസുഖമുള്ള ചൈതന്യയെ വാർഡൻ മാനസികമായി പീഡിപ്പിക്കുന്നത് തുടരുകയായിരുന്നുവെന്നും സുഹൃത്തുക്കൾ ആരോപിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങൾ കാരണം പരീക്ഷയ്ക്ക് ശരിയായി തയ്യാറെടുക്കാൻ കഴിയാത്തതിനാൽ വിദ്യാർത്ഥിനി മാനസിക പ്രശ്നങ്ങൾ അനുഭവിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പൊലീസിനോട് പറഞ്ഞത്. ഈ വാദങ്ങൾ തെറ്റാണെന്ന് വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു.

വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതിൽ പ്രതിഷേധിച്ച് വിവിധ വിദ്യാർത്ഥി രാഷ്ട്രീയ സംഘടനകൾ സമരം നടത്തിയിരുന്നു. പിന്നാലെ വാർഡൻ രജനിയെ സസ്‌പെൻഡ് ചെയ്തിരുന്നു. ചൈതന്യയുടെ ചികിത്സാ ചെലവുകൾ ആശുപത്രി അധികൃതരാണ് വഹിച്ചത്. ചൈതന്യയെ ആദ്യം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കോമയിലായ പെൺകുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു. നാളെയാണ് സംസ്‌കാരം.


Source link

Related Articles

Back to top button