എംഡിഎംഎ മൊത്തക്കച്ചവടക്കാരനെ ബംഗളൂരുവിലെത്തി തൂക്കി കേരള പൊലീസ്, പിടികൂടിയത് സാഹസികമായി

തിരുവനന്തപുരം: കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന മൊത്തക്കച്ചവടക്കാരനെ നേമം പൊലീസ് ബംഗളൂരുവിൽ നിന്ന് പിടികൂടി. നേമം പൊലീസ് രണ്ടാഴ്ച മുമ്പാണ് പ്രാവച്ചമ്പലം ജംഗ്ഷനിൽ ബസ് പരിശോധനയ്ക്കിടെ എംഡിഎംഎയുമായി തിരുമല സ്വദേശി അജിൻ നൗഷാദിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ സ്വദേശിയായ അഷ്‌കറിനെ തേടി പൊലീസ് ബംഗളൂരുവിലെത്തിയത്.
തന്നെ പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ ഇയാൾ ബംഗളൂരു യെലഹങ്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ ആദിത്യ നഗറിലെ സുഹൃത്തിന്റെ അപ്പാർട്ട്‌മെന്റിൽ ഒളിക്കുകയായിരുന്നു. അഞ്ച് മണിക്കൂറോളം പരിശ്രമിച്ച് അവിടെ എത്തിയ പൊലീസ് പലതവണ ആവശ്യപ്പെട്ടിട്ടും വാതിൽ തുറക്കാത്തതിനാൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറി. തുടർന്ന് പ്രതിയെ മൽപിടുത്തത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു.
ഡിസിപിയുടെയും ഫോർട്ട് എസിയുടെയും നേമം എസ്എച്ച്ഒയുടെയും മേൽനോട്ടത്തിൽ എസ്‌ഐമാരായ രാജേഷ്, അരുൺ, സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ വിനീത്, ബിനൂപ്, വൈശാഖ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ ബംഗളൂരിവിൽ നിന്ന് സിനിമാ സ്റ്റൈലിൽ സാഹസികമായി പിടികൂടിയത്. വെള്ളിയാഴ്ച രാത്രിയോടെ അഷ്‌കറിനെ കേരളത്തിൽ എത്തിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പൊലീസ്.
Source link