പരീക്ഷ കഴിയുന്നതിന് മുമ്പ് അടുത്ത വര്‍ഷത്തെ പാഠപുസ്തകം റെഡി; മറ്റൊരു കേരള മോഡല്‍

തിരുവനന്തപുരം: കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായി പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ ഒമ്പതാം ക്ലാസ് പരീക്ഷ കഴിയുന്നതിനു മുമ്പ് തന്നെ പ്രകാശനം ചെയ്ത് വിതരണം ചെയ്യുന്നു; മെയ് മാസത്തില്‍ എല്ലാ പാഠപുസ്തകങ്ങളുടെയും വിതരണം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
ത്താം ക്ലാസിലെ പാഠപുസ്തകങ്ങളുടെ പ്രകാശനവും വിതരണ ഉദ്ഘാടനവും മാര്‍ച്ച് 25ന് നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മറ്റ് ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം ഏപ്രില്‍ രണ്ടാം വാരം നടക്കുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ ലക്ഷ്യമിട്ടുകൊണ്ട് ആരംഭിച്ച പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരണത്തിലേക്ക് നീങ്ങുന്നു. കഴിഞ്ഞവര്‍ഷം പരിഷ്‌കരിച്ച 1, 3, 5, 7, 9 ക്ലാസുകളിലെ 205 ടൈറ്റിലുകളിലായി 1.8 കോടി പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തീകരിച്ച് ഇതിനകം തന്നെ വിദ്യാലയങ്ങളില്‍ എത്തിക്കഴിഞ്ഞു.
ഈ വര്‍ഷം പരിഷ്‌കരിച്ച 2, 4, 6, 8 ക്ലാസുകളിലെ 238 ടൈറ്റിലുകളിലായി രണ്ടുകോടി പാഠപുസ്തകങ്ങളുടെ അച്ചടിയും പുരോഗമിക്കുന്നു. സ്‌കൂള്‍ മധ്യവേനല്‍ അവധിക്ക് അടക്കുന്നതിനു മുമ്പേ പാഠപുസ്തകങ്ങള്‍ വിദ്യാലയങ്ങളില്‍ എത്തിച്ച് പുതു ചരിത്രം സൃഷ്ടിക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.
Source link