ഷാബ ഷെരീഫ് വധക്കേസ്; മുഖ്യപ്രതിക്ക് 11 വർഷവും ഒമ്പത് മാസവും തടവ് ശിക്ഷ, രണ്ടാം പ്രതിക്ക് ആറ് വർഷം തടവ്

മലപ്പുറം: മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബ ഷരീഫ് വധക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. മുഖ്യ പ്രതി ഷൈബിൻ അഷറഫിന് 11വർഷവും ഒമ്പത് മാസവും, രണ്ടാം പ്രതി ശിഹാബുദ്ദീന് ആറ് വർഷവും ഒമ്പത് മാസവും, ആറാം പ്രതി നിഷാദിന് മൂന്ന് വർഷവും ഒമ്പത് മാസവും തടവുശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ഇവര്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. പ്രതികൾക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞിട്ടുണ്ട്. കേസിൽ പ്രതി ചേർത്തിരുന്ന 12 പേരെ കോടതി വെറുതെ വിട്ടു.
മൃതദേഹം ലഭിക്കാത്ത കേസിൽ ശാസ്ത്രീയ തെളിവുകളുപയോഗിച്ച് കൊലപാതകം തെളിയിച്ചെന്ന പ്രത്യേകതയുണ്ട്. ഷൈബിന്റെ വീട്ടിൽ നിന്നും കാറിൽ നിന്നും ലഭിച്ച മുടിയുടെ ഡി.എൻ.എ പരിശോധനാ ഫലം ഇക്കാര്യത്തിൽ നിർണ്ണായകമായി. 2019 ആഗസ്റ്റ് ഒന്നിന് മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി രഹസ്യം ചോർത്താൻ ഷാബ ഷെരീഫിനെ മൈസൂരുവിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയെന്നും മുക്കട്ടയിലെ ഷൈബിന്റെ വീട്ടിൽ തടവിൽ താമസിപ്പിച്ചെന്നും 2020 ഒക്‌ടോബർ എട്ടിന് കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ചാക്കിൽക്കെട്ടി ചാലിയാറിൽ ഒഴുക്കിയെന്നുമാണ് കേസ്.
കേസിലെ ഏഴാംപ്രതി നൗഷാദിനെ മാപ്പു സാക്ഷിയാക്കിയിരുന്നു. 14-ാം പ്രതി ഫാസിൽ വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ വർഷം മരണപ്പെട്ടു. 15-ാം പ്രതി നിലമ്പൂർ മുക്കട്ട പഴയ പോസ്റ്റ് ഓഫീസിന് സമീപത്തെ ഷമീമിനെ പിടികൂടാനായിട്ടില്ല. ഷാബ ഷെരീഫിന്റെ ഭാര്യ, മക്കൾ, പേരക്കുട്ടി, സഹോദരൻ എന്നിവരുൾപ്പെടെ കേസിൽ 80 സാക്ഷികളെ വിസ്തരിച്ചു.
2022 ഏപ്രിൽ 23ന് ഏതാനും പേർ വീട്ടിൽ കയറി തന്നെ മർദ്ദിച്ചെന്ന ഷൈബിൻ അഷ്‌റഫിന്റെ പരാതിയാണ് ഷാബ ഷെരീഫ് കൊലപാതകക്കേസ് പുറത്തു കൊണ്ടുവന്നത്.കേസിലെ അഞ്ചു പ്രതികൾ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ തീകൊളുത്തി ആത്മഹത്യാ ഭീഷണി മുഴക്കുകയും ഷാബ ഷെരീഫ് കൊലപാതകമടക്കമുള്ള ഷൈബിന്റെ കുറ്റകൃത്യങ്ങൾ വെളിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഒറ്റമൂലി മരുന്നുകളുടെ രഹസ്യം ചോർത്തി മരുന്നു വ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ഷൈബിന്റെ ലക്ഷ്യം.
Source link