കേന്ദ്ര തീരുമാനം ഇനിയും വൈകിയാൽ കൃത്യസമയത്ത് പൂർത്തീകരിക്കാനായേക്കില്ല, ‘കൊച്ചിക്കാർ’ ആശങ്കയിൽ

കൊച്ചി: 20 മാസം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച മെട്രോ രണ്ടാം ഘട്ട നിർമ്മാണം അതിവേഗം പുരോഗമിക്കുമ്പോഴും കേന്ദ്ര ഫണ്ട് കിട്ടാത്തതിൽ ആശങ്ക. 274 കോടി വീതമാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിഹിതം. സംസ്ഥാനത്തിന്റെ ആദ്യ ഗഡുവായ 100കോടി അനുവദിച്ചു. എന്നാൽ, കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് ലഭിക്കേണ്ട 100 കോടിയാണ് വൈകുന്നത്. വൈകാൻ കാരണം വ്യക്തമല്ല.
കേന്ദ്ര വിഹിതം ഇനിയും വൈകിയാൽ ലക്ഷ്യമിട്ട സമയത്ത് നിർമ്മാണം പൂർത്തീകരിക്കാനായേക്കില്ല. കലൂർ സ്റ്റേഡിയം ജംഗ്ഷൻ മുതൽ കാക്കനാട് വരെയുള്ള രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ 2024 ജൂലായ് മൂന്നിനാണ് ആരംഭിച്ചത്.
വയഡക്ടിന്റെ നിർമ്മാണത്തിന് മുന്നോടിയായുള്ള പൈലിംഗ് പ്രവർത്തനങ്ങളാണിപ്പോൾ പുരോഗമിക്കുന്നത്. പൂർത്തീകരിച്ചയിടങ്ങളിലെ നിർമ്മാണാവശിഷ്ടങ്ങൾ നീക്കിയതിനു ശേഷം മറ്റൊന്നും നടന്നിട്ടില്ല. ഓടകളുടെ നിർമ്മാണം നേരത്തെ പൂർത്തീകരിച്ചെന്ന് കെ.എം.ആർ.എൽ അവകാശപ്പെടുമ്പോഴും പലയിടത്തും അപൂർണമാണ്. ആകെയുള്ള 10 സ്റ്റേഷനുകളിൽ സെസ്, കാക്കനാട്, ഇൻഫോപാർക്ക്, കിൻഫ്ര, ചിറ്റേത്തുകര എന്നീ നാലിടത്തെ പ്രവേശനത്തിനും പുറത്തേക്കിറങ്ങാനുമുള്ള (എൻട്രി-എക്‌സിറ്റ്) വഴികളുടെ നിർമ്മാണം പൂർത്തിയായതും ആലിൻചുവട്, വാഴക്കാല, സെസ്, പാലാരിവട്ടം, കിൻഫ്ര എന്നീ അഞ്ച് സ്റ്റേഷനുകളിലെ പൈലിംഗ് ജോലികൾ പൂർത്തിയായതുമാണ് ആശ്വാസം.11.2 കിലോമീറ്റർ നീളത്തിലാണ് രണ്ടാം ഘട്ടത്തിലെ വയഡക്ടിന്റെ നിർമ്മാണം നടക്കേണ്ടത്.
ഗതാഗത കുരുക്കഴിയില്ല
രണ്ടാംഘട്ട നിർമ്മാണം പുരോഗമിക്കുന്നതിനിടെ കാക്കനാട് റൂട്ടിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമാണ്. ഇടറോഡുകൾ നവീകരിക്കാത്തതും വീതി കൂട്ടാത്തതുമാണ് കാരണം. പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള ഇടറോഡുകളുടെ നവീകരണം കെ.എം.ആർ.എൽ ഏറ്റെടുക്കുമെന്ന് പറഞ്ഞിരുന്നു. ഇതിനായി ആവശ്യപ്പെട്ട 10കോടി കിട്ടാതെ നടപടിയുണ്ടാകില്ലെന്നാണ് വിവരം.
വാഴക്കാല- മൂലേപ്പാടം- മണ്ണാടി- പാലച്ചുവട് റോഡും വാഴക്കാല- എൻ.ജി.ഒ ഫ്‌ളാറ്റ് – ഭാരതമാത റോഡും നവീകരിക്കാനായിരുന്നു കെ.എം.ആർ.എൽ പദ്ധതി. ആദ്യ ഘട്ടത്തിൽ 21 റോഡുകളാണ് വീതി കൂട്ടി ടാർ ചെയ്തത്.
മെട്രോ രണ്ടാം ഘട്ടം
നിർമ്മാണ ചെലവ്
1957.05 കോടി
274 കോടി—- കേന്ദ്രം
274 കോടി—-സംസ്ഥാനം
1016 കോടി വായ്പ—- ഏഷ്യൻ ഇൻഫ്രാസ്ട്രക്ടചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക്
ആകെ പൈലുകൾ—-1961
പൂർത്തീകരിച്ചത്—-224
ആകെ തൂണുകൾ— 456
സ്റ്റേഷൻ—- 10
20—-എൻട്രി-എക്സിറ്റ്
സ്റ്റേഷനുകൾ
പാലാരിവട്ടം
ആലിൻചടുവട്
ചെമ്പുമുക്ക്
വാഴക്കാല
പടമുഗൾ
സിവിൽ സ്റ്റേഷൻ
കൊച്ചിൻ സെസ്
ചിറ്റേത്തുകര
കിൻഫ്ര പാർക്ക്
ഇൻഫോ പാർക്ക്
Source link