പൊലീസിന് നേരെ ആക്രമണം ലഹരി സംഘത്തിലെ ആറുപേർ അറസ്റ്റിൽ

കോട്ടയം: താമസമില്ലാത്ത വിദേശ മലയാളിയുടെ വീട്ടിൽ തമ്പടിച്ച ലഹരി സംഘത്തെ പിടിക്കാനെത്തിയ പൊലീസിനെ ആക്രമിച്ച ആറു പേർ അറസ്റ്റിൽ. ലഹരിക്കടത്ത് സംഘാംഗങ്ങളായ വയല കൊല്ലമലയിൽ അമൽ (26), ചാമക്കാലയിൽ അതുൽ (23), ആളത്തുകുന്നേൽ ദേവദർശൻ (24), അറയ്ക്കൽ അർജുൻ (23), ഐക്കരപ്പറമ്പിൽ ജോഫിൻ (19), കൂട്ടുമ്മൽ കൈലാസ് (23) എന്നിവരെയാണ് സാഹസികമായി പിടികൂടിയത്.
ആക്രമണത്തിൽ മരങ്ങാട്ടുപിള്ളി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ മഹേഷ്, ശരത്, ശ്യാംകുമാർ എന്നിവർക്ക് പരിക്കേറ്റു.
വ്യാഴാഴ്ച വൈകിട്ട് ആറോടെ വയലാ കൂട്ടുമല്ലിലായിരുന്നു സംഭവം. യു.കെയിൽ താമസിക്കുന്നയാളുടെ വീടിന്റെ മുൻവശത്തും സിറ്റൗട്ടിലും ഒരുസംഘം മദ്യപിക്കുന്നതായും ലഹരി ഉപയോഗിക്കുന്നതായും സി.സി.ടി.വിയിലൂടെ കണ്ടെത്തിയിരുന്നു. വിവരം മരങ്ങാട്ടുപിള്ളി പൊലീസിലറിയിച്ചു.
പട്രോളിംഗിലായിരുന്ന എസ്.ഐ ഗോപകുമാർ, മഹേഷ്, ശരത് കൃഷ്ണദേവ് എന്നിവർ സ്ഥലത്തെത്തി. സ്റ്റേഷൻ ഹൗസ് ഓഫീസർ അജേഷ് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ശ്യാംകുമാർ, ബിനീഷ് എന്നിവരും പിന്നാലെയെത്തി. ഇതിനിടെയാണ് സംഘം പൊലീസുകാരെ ആക്രമിച്ചത്.
Source link