‘എമ്പുരാനിൽ’ ഫഹദ് ഉണ്ടോ? ഒടുവില്‍ മറുപടിയുമായി പൃഥ്വിരാജ്

സിനിമാപ്രേമികളുടെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ‘എമ്പുരാനി’ൽ ഫഹദ് ഫാസിൽ ഇല്ലെന്ന് വെളിപ്പെടുത്തി പൃഥ്വിരാജ് സുകുമാരൻ. സിനിമയുടെ പ്രമോഷനോട് അനുബന്ധിച്ച് പിങ്ക്‌വില്ല എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഫഹദ് ചിത്രത്തിലില്ല എന്ന് പൃഥ്വിരാജ് പറഞ്ഞത്. സിനിമയുടെ ട്രെയിലർ വന്നതു മുതൽ ചുവന്ന വ്യാളിയുടെ ചിത്രമുള്ള വസ്ത്രം ധരിച്ച് പുറം തിരിഞ്ഞു നിൽക്കുന്ന നടൻ ആരെന്ന തരത്തിലുള്ള ചർച്ചകൾ സജീവമായിരുന്നു. പ്രധാന വില്ലൻ ആ നടനാണെന്നും അത് ഫഹദ് ഫാസിൽ ആണെന്നും ഊഹാപോഹങ്ങള്‍ വന്നു. സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ എമ്പുരാനിൽ ഫഹദ് ഫാസിൽ ഉണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് വളരെ രസകരമായി അതേ, ഫഹദും ഉണ്ട് ടോം ക്രൂസ്, റോബർട്ട് ഡി നീറോ എന്നിവരും ഉണ്ട് എന്നാണ് പൃഥ്വിരാജ് മറുപടി പറഞ്ഞത്. വീണ്ടും അത് തിരുത്തികൊണ്ട് ഫഹദ് ഫാസിൽ ചിത്രത്തിലില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു.‘‘അതെ ഫഹദ് ഫാസൽ, ടോം ക്രൂസ്, റോബർട്ട് ഡി നീറോ തുടങ്ങിയവരെല്ലാം എമ്പുരാനിൽ ഉണ്ട്. തമാശ പറഞ്ഞതാണ് ഫഹദ് ഫാസിൽ ഈ സിനിമയിലില്ല, ടോം ക്രൂസും ഇല്ല. പക്ഷേ ഒരു കാര്യം പറയാതിരിക്കാനാകില്ല എമ്പുരാന്റെ കാസ്റ്റിങ് ആരംഭിച്ചപ്പോൾ എന്റെ മനസ്സിൽ ഒരു വിഷ് ലിസ്റ്റ് ഉണ്ടായിരുന്നു. തുടക്കത്തിൽ ഞാൻ ഈ സിനിമയ്ക്കൊപ്പം കൂട്ടാൻ ആഗ്രഹിച്ച ചില വലിയ പേരുകൾ ഉണ്ടായിരുന്നു, അമേരിക്കൻ ഇൻഡസ്ട്രിയിൽ നിന്നും, ബ്രിട്ടിഷ് ഇൻഡസ്ട്രിയിൽ നിന്നും, ചൈനീസ് ഇൻഡസ്ട്രിയിൽ നിന്നുമുള്ള ചിലരെ മനസ്സിൽ ഷോർട്ട് ലിസ്റ്റ് ചെയ്തിരുന്നു.
Source link