ബിജെപി സംസ്ഥാന അധ്യക്ഷൻ ആര്? ധാരണയിലെത്തി നേതൃത്വം, ഇനി സാങ്കേതിക നടപടിക്രമങ്ങൾ മാത്രം

തിരുവനന്തപുരം ∙ കേരളത്തിൽ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷൻ ആരെന്ന് അടുത്തയാഴ്ച ആദ്യം അറിയാം. തിരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ചുള്ള കേന്ദ്ര നേതൃത്വത്തിന്റെ സർക്കുലർ സംസ്ഥാന നേതൃത്വത്തിനു ലഭിച്ചു. 23ന് നോമിനേഷൻ സമർപ്പിക്കും. തുടർന്ന് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് പാർട്ടി സംസ്ഥാന കൗൺസിൽ ചേർന്നതിനു ശേഷമായിരിക്കും പ്രഖ്യാപനം.കേരളത്തിലെ തിരഞ്ഞെടുപ്പു ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി സംസ്ഥാനത്തെത്തും. മിസോറമിലായിരുന്ന മുതിർന്ന നേതാവ് വി. മുരളീധരനോട് ഡൽഹിയിൽനിന്നു കേരളത്തിലെത്തി തിരഞ്ഞെടുപ്പ് പ്രക്രിയ ഏകോപിപ്പിക്കാൻ പാർട്ടി ദേശീയ നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാന അധ്യക്ഷൻ ആരാകുമെന്ന കാര്യത്തിൽ ദേശീയ നേതൃത്വം ധാരണയിലെത്തിയിട്ടുണ്ട്. നോമിനേഷൻ സമർപ്പണം ഉൾപ്പെടെ സാങ്കേതികമായ നടപടിക്രമങ്ങൾ മാത്രമാണ് ഇനി പൂർത്തിയാകാനുള്ളത്.ആർഎസ്എസ് നേതൃത്വവുമായും മുതിർന്ന ബിജെപി നേതാക്കളുമായും ദേശീയ നേതൃത്വം ആശയവിനിമയം നടത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ആസന്നമായിരിക്കെ പ്രചാരണ പ്രവർത്തനങ്ങളെ ബാധിക്കാത്ത തരത്തിലുള്ള ക്രമീകരണമാകും നടത്തുക. നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കെ.സുരേന്ദ്രൻ തുടരുക എന്നതിനാണ് കൂടുതൽ സാധ്യത. അല്ലാത്തപക്ഷം എം.ടി.രമേശിന്റെ പേരാണ് പ്രധാനമായി പരിഗണിക്കപ്പെടുക.
Source link