‘നിയമങ്ങൾ അനുസരിക്കണം; ഇന്ത്യൻ എംബസിയെ ബന്ധപ്പെടാം’: യുഎസിൽ പഠിക്കാൻ പോയവര്‍ക്ക് കേന്ദ്രസർക്കാർ നിർദേശം

ന്യൂഡൽഹി∙ യുഎസിൽ പഠിക്കാനായി പോയ ഇന്ത്യക്കാർ അമേരിക്കൻ നിയമങ്ങൾ അനുസരിക്കണമെന്നു നിർദേശിച്ച് കേന്ദ്രം. പലസ്തീൻ – ഹമാസ് വിഷയത്തിന്റെ പേരിൽ ഒരു ഇന്ത്യൻ വിദ്യാർഥിയെ അറസ്റ്റ് ചെയ്യുകയും മറ്റൊരു വിദ്യാർഥിക്ക് കാനഡയിലേക്കു സ്വയം നാടുവിടേണ്ടി വരികയും ചെയ്ത പശ്ചാത്തലത്തിലാണു വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ ഇത്തരമൊരു നിർദേശം നൽകിയത്. ‘‘ഒരു രാജ്യത്തിന്റെ പരമാധികാരത്തിനുകീഴിലാണ് വീസ, കുടിയേറ്റ കാര്യങ്ങൾ വരിക. ആഭ്യന്തര കാര്യത്തിൽ എന്തു തീരുമാനം എടുക്കാനും യുഎസിന് അധികാരമുണ്ട്. വിദേശികൾ ഇന്ത്യയിൽ വരുമ്പോൾ നമ്മുടെ നിയമങ്ങൾ പാലിക്കണമെന്നു നമ്മൾ പ്രതീക്ഷിക്കുന്നു. അതുപോലെ തന്നെ നമ്മുടെ പൗരന്മാർ വിദേശത്തുപോകുമ്പോൾ അവിടുത്തെ നിയമങ്ങൾ പാലിക്കണം. ബുദ്ധിമുട്ട് നേരിടുമ്പോൾ ഇന്ത്യൻ കോൺസുലേറ്റുകളും എംബസികളും അവരെ സഹായിക്കാനുണ്ടാകും. വലിയൊരു വിഭാഗം ഇന്ത്യക്കാർ യുഎസിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്നുണ്ട്.’’ – ജയ്സ്വാൾ പറഞ്ഞു. ജോർജ്‌ടൗൺ സർവകലാശാലയിലെ പോസ്റ്റ്‌ഡോക്ടറൽ ഫെലോ ആയ ബദർ ഖാൻ സൂരിയെ, ഹമാസ് ചിന്തകൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് യുഎസ് അധികൃതർ അറസ്റ്റ് ചെയ്തത്. പലസ്തീൻ അനുകൂല പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിലാണ് കൊളംബിയ സർവകലാശാലയിലെ വിദ്യാർഥിയായ രഞ്ജിനി ശ്രീനിവാസന്റെ വീസ റദ്ദാക്കിയത്. ഇവർ സ്വയം കാനഡയിലേക്കു കടക്കുകയായിരുന്നു. ഇവർ രണ്ടുപേരും സഹായത്തിനായി ഇന്ത്യൻ എംബസിയെ ബന്ധപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിദ്യാർഥികൾ ‘ഭീകരതയോട് അനുഭാവമുള്ളവർ’ ആണെന്നും ഇവരെ നാടുകടത്തിയില്ലെങ്കിൽ സർവകലാശാലകളുടെ ഫണ്ട് റദ്ദാക്കുമെന്നുമായിരുന്നു ട്രംപിന്റെ ഭീഷണി. ട്രംപിന്റെ നയങ്ങൾ അക്കാദമിക ലോകത്തും വിദ്യാർഥികൾക്കിടയിലും ഭീതിയുണ്ടാക്കിയിട്ടുണ്ട്.
Source link