LATEST NEWS

‘മറുപടി കൃത്യമല്ലെങ്കിൽ അടുത്ത വിമാനത്തിൽ ഇവിടെയെത്തിക്കും’: കേന്ദ്രത്തിനെതിരെ ഹൈക്കോടതി


കൊച്ചി ∙ വയനാട് മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിൽ അകപ്പെട്ടവരുടെ പുനരധിവാസത്തിന് തുക അനുവദിക്കുന്നതു സംബന്ധിച്ച ആശയക്കുഴപ്പം അകറ്റാത്തതിൽ കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. പുനരധിവാസത്തിന് അനുവദിച്ച വായ്പത്തുക വിനിയോഗിക്കുന്നതിലുള്ള ആശയക്കുഴപ്പം തീർക്കാനായിരുന്നു കോടതി കേന്ദ്രത്തോട് നിർദേശിച്ചിരുന്നത്. എന്നാൽ ഇതു സംബന്ധിച്ച് കേന്ദ്രം കൃത്യമായ ഉത്തരം നൽകാതിരുന്നത് കോടതിയെ ചൊടിപ്പിച്ചു. ഡൽഹിയിലിരിക്കുന്ന ഉദ്യോഗസ്ഥർ കേരള ഹൈക്കോടതിക്ക് കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ അടുത്ത വിമാനത്തിൽ ഇവിടെ എത്തിക്കാൻ കഴിയുമെന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാരും എസ്.ഈശ്വരനും ഉൾപ്പെട്ട ബെഞ്ച് മുന്നറിയിപ്പു നൽകി. ഇതിനിടെ, വായ്പത്തുക വിനിയോഗിക്കാനുള്ള സമയപരിധി ഈ മാസം 31ൽ നിന്ന് ഡിസംബർ 31ലേക്ക് നീട്ടിയെന്നു കേന്ദ്രം അറിയിച്ചു. കേസ് പരിഗണിച്ചപ്പോൾത്തന്നെ വായ്പത്തുക വിനിയോഗിക്കുന്നതിലുള്ള ആശയക്കുഴപ്പത്തിലെ മറുപടിയാണ് കോടതി തേടിയത്. മാർച്ച് 31 ആയിരുന്നു വായ്പത്തുക വിനിയോഗിക്കാൻ കേന്ദ്രം നിർദേശിച്ച തീയതി. എന്നാൽ ഇത് അസാധ്യമാണെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ കേന്ദ്രത്തോട് നിർദേശിച്ചിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിന്റെ ഏത് ഏജൻസിക്കാണ് പണം അനുവദിക്കുക തുടങ്ങിയ കാര്യങ്ങളാണ് മറുപടിയായി ലഭിച്ചത്. ഇതോടെ, കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നതിലുള്ള വൈദഗ്ധ്യമാണല്ലോ കാണുന്നതെന്നു കോടതി പ്രതികരിച്ചു. തുടർന്നാണ് കാര്യങ്ങൾ ഇത്ര ലഘുവായി എടുക്കരുതെന്നും തുക വിനിയോഗിക്കുന്നതു സംബന്ധിച്ച് തിങ്കളാഴ്ച തന്നെ സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചത്. ഇതിൽ സാവകാശം നൽകണമെന്നു കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. വായ്പാ വിനിയോഗ തീയതി ഡിസംബർ 31ലേക്കു മാറ്റിയ തീരുമാനം എപ്പോഴാണ് എടുത്തത്, അത് എന്നാണ് അറിയിച്ചത് തുടങ്ങിയ കാര്യങ്ങൾ തേടിയ ശേഷമായിരുന്നു കോടതിയുടെ രൂക്ഷവിമർശനം. കോടതിക്കു വേറെ ഒന്നും ചെയ്യാനില്ല എന്നു കരുതരുത്. ഡിസംബർ 31നു പോലും ജോലികൾ തീരണമെന്നില്ല. എന്നാൽ ഇതാണ് ഒരു വഴി. അങ്ങനെയല്ലെങ്കിൽ മറ്റ് അജൻഡകളുണ്ടെന്ന് കരുതേണ്ടി വരുമെന്നും കോടതി കൂട്ടിച്ചേർത്തു. ദുരിതബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്നതിലുള്ള തീരുമാനവും കേന്ദ്രം തിങ്കളാഴ്ച അറിയിക്കണമെന്നു കോടതി നിർദേശിച്ചു. 


Source link

Related Articles

Back to top button