ബെയിൻ ക്യാപ്പിറ്റൽ-മണപ്പുറം ഫിനാൻസ് സംയുക്ത സംരംഭം : ഓപ്പൺ ഓഫറിലും ഓഹരിക്ക് അതേ വില

കൊച്ചി∙ ഇന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ മണപ്പുറം ഫിനാൻസും അമേരിക്കൻ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ബെയിൻ ക്യാപ്പിറ്റലും ചേർന്നു സംയുക്ത സംരംഭം സൃഷ്ടിക്കാൻ വ്യക്തമായ കരാറുകളായെന്ന് ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിപ്പ്. നേരത്തെ ഇതു സംബന്ധിച്ചു വന്ന വാർത്തകൾ ശരിവയ്ക്കുന്നതാണ് പത്രക്കുറിപ്പിലെ വിവരങ്ങൾ. സെബി അംഗീകാരത്തോടെ മണപ്പുറം ഫിനാൻസിൽ 4385 കോടി രൂപയുടെ മൂലധന നിക്ഷേപമാണ് ബെയിൻ ക്യാപ്പിറ്റൽ നടത്തുക. ബെയിൻ ക്യാപ്പിറ്റലിന്റെ 2 അനുബന്ധ കമ്പനികൾ വഴിയാണ് ഓഹരി നിക്ഷേപം. 18% ഓഹരികൾ വാങ്ങും. കഴിഞ്ഞ 6 മാസത്തെ ശരാശരി ഓഹരി വിലയെക്കാൾ 30% അധികം നൽകി ഓഹരി ഒന്നിന് 236 രൂപ നൽകിയാണ് വാങ്ങുന്നത്.ഓഹരി നിക്ഷേപം 41.7% വരെ ഉയർത്താനും അവസരമുണ്ട്. 26% ഓഹരികളാണ് ഓപ്പൺ ഓഫറിലൂടെ വാങ്ങുക. ഓപ്പൺ ഓഫറിനും ഓഹരി വില 236 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. പ്രമോട്ടറുടെ ഓഹരിയിൽ നിന്ന് ഒരു വിഹിതം ഇതിനായി നൽകും. ബെയിൻ ക്യാപ്പിറ്റലിനു കൈമാറിക്കഴിയുമ്പോൾ പ്രമേട്ടറുടെ വിഹിതം 28.9% ആയി കുറയും.
Source link