ലഹരി ഉപയോഗം ചോദ്യം ചെയ്തു; നാട്ടുകാരനെ കാറിന്റെ ബോണറ്റിൽ ഇരുത്തി ലഹരി സംഘത്തിന്റെ യാത്ര, സംഘർഷം


കൊച്ചി ∙ കലൂർ എസ്ആർഎം റോഡിൽ ലഹരി ഉപയോഗിച്ച യുവാക്കളും നാട്ടുകാരും തമ്മിൽ സംഘർഷം. പുറത്തു നിന്നെത്തിയ നാലു യുവാക്കളും നാട്ടുകാരും തമ്മിലാണ് സംഘർഷമുണ്ടായത്. നാട്ടുകാരനായ ഒരു യുവാവിനെ കാറിടിച്ചു വീഴ്ത്താൻ ശ്രമിച്ച സംഘം ഇയാളെ ബോണറ്റിൽ‍ വച്ച് ഒരു കിലോമീറ്ററോളം വാഹനമോടിച്ചു.  ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഒട്ടെറെ യുവതീയുവാക്കൾ താമസിക്കുന്ന ഹോസ്റ്റലുകൾ ഇവിടെയുണ്ട്. ഇവിടുത്തെ ഒരു ഹോസ്റ്റലിൽ താമസിക്കുന്ന ആളെ കാണാൻ എത്തിയ യുവാക്കളാണ് അക്രമം നടത്തിയത്. സുഹൃത്തിന്റെ മുറിയിൽ മദ്യപിക്കുന്നതിനിടെ തർക്കമുണ്ടാവുകയും അക്രമാസക്തരാവുകയുമായിരുന്നു. ചെടിച്ചട്ടികൾ എറിഞ്ഞു പൊട്ടിക്കുകയും അക്വേറിയം തകർക്കുകയും ചെയ്ത ശേഷം പുറത്തിറങ്ങിയ ഇവർ ബഹളം കേട്ടെത്തിയ നാട്ടുകാരോടും കയർത്തു. ലഹരി ഉപയോഗം ചോദ്യം ചെയ്തതോടെ യുവാക്കൾ അക്രമാസക്തരായെന്നാണ് നാട്ടുകാർ പറയുന്നത്.നാട്ടുകാർ സംഘടിച്ചതോടെ യുവാക്കൾ കാറിൽ കയറി വേഗത്തിൽ ഓടിച്ചു പോകാൻ ശ്രമിച്ചെങ്കിലും രണ്ടുപേർ ഇതു തടഞ്ഞു. എന്നാൽ കാർ മുന്നോട്ടെടുത്തപ്പോൾ‌ അതിലൊരാൾ ബോണറ്റിലേക്കു വീണു. അയാളുമായി ഒരു കിലോമീറ്ററോളം കാറോടിച്ചു. പിന്നാലെയെത്തിയ നാട്ടുകാരാണ് വഴിയരികിൽ വീണു കിടക്കുന്ന നിലയിൽ ഇയാളെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലാക്കുകയായിരുന്നു. ഇയാൾ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയിട്ടുണ്ട്. നാലംഗ സംഘത്തിലെ ഒരാൾക്ക് കാറിൽ കയറാൻ കഴിഞ്ഞില്ല. ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചിട്ടുണ്ട്.


Source link

Exit mobile version