Live ‘മണ്ഡല പുനർനിർണയം സുതാര്യമായി നടപ്പാക്കണം; ജനസംഖ്യാടിസ്ഥാനത്തിലെ പുനർനിർണയം അനീതി’

ചെന്നൈ∙ ജനസംഖ്യാടിസ്ഥാനത്തിൽ ലോക്സഭാ മണ്ഡല പുനർനിർണയം നടത്തുന്നതിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ നടത്തുന്ന യോഗം ആരംഭിച്ചു. ലോക്സഭാ മണ്ഡല പുനർനിർണയം നടത്തുന്നതിനെതിരെയല്ലെന്നും സുതാര്യമായി നടപ്പാക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും സ്റ്റാലിൻ വ്യക്തമാക്കി. മണ്ഡല പുനർനിർണയത്തിന് എതിരെ സംയുക്ത കർമ സമിതി (ജെഎസി) രൂപീകരിക്കാൻ നടത്തുന്ന യോഗത്തിൽ കേരളം, കർണാടക, ആന്ധ്ര, തെലങ്കാന, ഒഡീഷ, ബംഗാൾ, പഞ്ചാബ് സംസ്ഥാനങ്ങളിൽനിന്നുള്ള നേതാക്കൾ പങ്കെടുക്കുന്നുണ്ട്. ഗിണ്ടിയിലെ ഐടിസി ഹോട്ടലിലാണ് യോഗം. യോഗത്തിൽ പങ്കെടുക്കുന്ന വിശിഷ്ടാതിഥികളുടെ പേരുകൾ അവരവരുടെ മാതൃഭാഷയിലും എഴുതിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉറപ്പുകൾ വെറുതെയാണെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. ‘‘സംസ്ഥാനത്തിന്റെ ശക്തി കുറയ്ക്കുക എന്നതു ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പാർട്ടിയാണ് ബിജെപി. കോയമ്പത്തൂരിൽ അമിത് ഷാ നടത്തിയ പരാമർശങ്ങൾ അവ്യക്തമാണ്. സംസ്ഥാനത്തിന്റെ ശക്തി കുറയ്ക്കില്ലെന്നു പറഞ്ഞ ഷാ, അതെങ്ങനെയെന്നു വിശദീകരിച്ചില്ല. കഴിഞ്ഞ രണ്ടു വർഷമായി മണിപ്പുർ കത്തുന്നത് എല്ലാവരും കണ്ടതാണ്. അവരുടെ ശബ്ദം പാർലമെന്റിൽ എത്തുന്നില്ല. കാരണം അവരുടെ അംഗബലം കുറവാണ്. ജനസംഖ്യാടിസ്ഥാനത്തിലെ മണ്ഡല പുനർനിർണയം അനീതിയാണ്’’ – സ്റ്റാലിൻ കൂട്ടിച്ചേർത്തു.പിണറായി ഇന്നലെ രാത്രിയെത്തി പിണറായി വിജയൻ വ്യാഴാഴ്ച രാത്രി തന്നെ ചെന്നൈയിലെത്തി. പിണറായിക്കു പുറമെ തെലങ്കാന, പഞ്ചാബ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാർ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, ബിജു ജനതാദൾ (ബിജെഡി) നേതാവ് നവീൻ പട്‌നായികിന്റെ പ്രതിനിധി സഞ്ജയ് കുമാർ ബർമ, വൈഎസ്ആർ കോൺഗ്രസിന്റെ മിഥുൻ റെഡ്ഡി, തെലങ്കാനയിലെ ഭാരത് രാഷ്ട്രസമിതി നേതാവും മുൻ മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ മകനുമായ കെ.ടി.രാമറാവു എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ.മാണി എംപി, ആർഎസ്പി നേതാവ് എൻ.കെ.പ്രേമചന്ദ്രൻ എംപി, മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം, ഫ്രാൻസിസ് ജോർജ് എംപി എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
Source link