ഇന്നലെ മാത്രം ഇവിടെ വിറ്റത് 15000 ടിക്കറ്റുകൾ; ‘എമ്പുരാന്’ വേണ്ടി തിയറ്റർ നവീകരിച്ചു: രാഗം തിയറ്റർ ഉടമ പറയുന്നു

സിനിമാ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ‘എമ്പുരാൻ’ സിനിമ മാർച്ച് 27 നു റിലീസ് ചെയ്യാനിരിക്കെ നവീകരിച്ച തിയറ്ററുമായി സിനിമയെ വരവേൽക്കാനൊരുങ്ങുകയാണ് തൃശൂർ രാഗം തിയറ്റർ. ഓൺലൈൻ സൈറ്റുകളിൽ ടിക്കറ്റ് വിൽപ്പന ആരംഭിച്ചപ്പോൾ രാഗം തിയറ്ററിൽ ഓഫ്‌ലൈനിൽ ആയിരുന്നു വിൽപ്പന. ആരാധകരടക്കമുള്ളവർ രാവിലെ അഞ്ച് മണി മുതൽ തിയറ്ററിന്റെ മുമ്പിൽ തമ്പടിച്ചിരിക്കുകയായിരുന്നു. രാഗത്തിലും ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റഴിയുന്ന കാഴ്ചയാണ് കാണാനായത്. ആദ്യ അഞ്ചു ദിവസത്തെ ബുക്കിങ് ഫുൾ ആയപ്പോൾ പതിനാലു ദിവസത്തെ ബുക്കിങ് ഓപ്പൺ ആക്കി എന്നാണ് രാഗം തിയറ്റർ ഉടമ സുനിൽ എ.കെ. പറയുന്നത്. തിയറ്ററുകളിൽ ഇന്ത്യയിൽ തന്നെ അപൂർവമായ ക്രിസ്റ്റി എന്ന കമ്പനിയുടെ പ്രൊജക്ടറും ഹ്യൂഗോയുടെ സ്ക്രീനും ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞുവെന്ന് സുനിൽ പറയുന്നു. തിയറ്ററിലെ മുഴുവൻ സീറ്റുകളും അക്വിസ്റ്റിക്‌സും മാറ്റിയിട്ടുണ്ട്. ‘എമ്പുരാന്റെ’ റിലീസ് തിയറ്ററുകൾക്ക് പുത്തൻ ഉണർവ് പകർന്നെന്നും സിനിമ വലിയ വിജയമാകുമെന്നാണ് ബുക്കിങ് കണ്ടിട്ട് മനസ്സിലാകുന്നതെന്നും സുനിൽ മനോരമ ഓൺലൈനിനോട് പറഞ്ഞു. ‘വിജയ് സൂപ്പറും പൗര്‍ണമി’, ‘ഒരു തെക്കൻ തല്ലു കേസ്’ തുടങ്ങി നിരവധി ചിത്രങ്ങളുടെ നിർമാതാവും വിതരണക്കാരനുമാണ് തൃശൂർ രാഗം തിയറ്റർ ഉടമ സുനിൽ എ.കെ.‘‘എമ്പുരാൻ സിനിമയെ വരവേൽക്കാൻ അത്യന്തം നൂതനമായ സാങ്കേതിക വിദ്യയുമായി രാഗം തിയറ്റർ തയാറായി കഴിഞ്ഞു. ക്രിസ്റ്റി എന്ന കമ്പനിയുടെ ഏറ്റവും പുതിയ പ്രൊജക്ടർ തിയറ്ററിൽ ഇൻസ്റ്റാൾ ചെയ്തു. ഇന്ത്യയിൽ തന്നെ വളരെ അപൂർവമാണ് ഈ പ്രൊജക്ടർ ഉള്ള തിയറ്ററുകൾ. അതിനു പറ്റിയ ഹ്യൂഗോ എന്ന ഹാർക്ക്നെസ്സ് കമ്പനിയുടെ സ്ക്രീനും ഇൻസ്റ്റാൾ ചെയ്തു. തിയറ്ററിലെ സീറ്റുകൾ മുഴുവൻ മാറ്റി നവീകരിച്ചു. അക്വിസ്റ്റിക്ക്സ് മുഴുവൻ മാറ്റി. അങ്ങനെ വളരെ കാര്യമായ മാറ്റങ്ങൾ ഞങ്ങൾ ഇവിടെ വരുത്തിയിട്ടുണ്ട്. എല്ലാം ‘എമ്പുരാൻ’ റിലീസ് ചെയ്യുന്നതിന് മുന്നോടി ആയിട്ടാണ് ചെയ്തിട്ടുള്ളത്. 14 ദിവസത്തേക്ക് ഞങ്ങൾ ബുക്കിങ് ഓപ്പൺ ചെയ്തിട്ടുണ്ട്. ആദ്യത്തെ അഞ്ചു ദിവസമാണ് ആദ്യം ഓപ്പൺ ചെയ്തത്, പക്ഷേ അപ്പോൾ തന്നെ ടിക്കറ്റ് എല്ലാം വിറ്റുപോയി, പിന്നെയും ഡിമാൻഡ് വന്നപ്പോഴാണ് 14 ദിവസത്തേക്ക് ഓപ്പൺ ചെയ്തത്. എല്ലാ ഷോകളും ബുക്ക് ചെയ്തു കഴിഞ്ഞു. വളരെ കാലത്തിനു ശേഷമാണ് ഇത്തരമൊരു വരവേൽപ്പ് ഒരു സിനിമയ്ക്ക് കിട്ടുന്നത് .
Source link