സി.പി.എമ്മിന്റെ പുതിയ ആസ്ഥാന മന്ദിരം പൂർത്തിയായി, ഉദ്ഘാടനം ഏപ്രിൽ 23 ന്

തിരുവനന്തപുരം: നിർമ്മാണം പൂർത്തിയായ സി.പി.എമ്മിന്റെ പുതിയ ബഹുനില ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം 23 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നിലവിലെ ആസ്ഥാനമായ പാളയത്തെ എ.കെ.ജി സെന്ററിന് എതിർവശത്തു വാങ്ങിയ 31.95 സെന്റിൽ 9 നിലകളിലായാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ മന്ദിരം നിർമ്മിച്ചത്. എ.കെ.ജി സെന്റർ എന്നപേര് തന്നെയാണ് ആസ്ഥാന മന്ദിരത്തിന് നൽകുന്നത്.
കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോഴാണ് 6.4 കോടി രൂപ മുടക്കി 31.95 സെന്റ് സ്ഥലം വാങ്ങിയത്. 2022 ഫെബ്രുവരി 25ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ശിലാസ്ഥാപനം നിർവഹിച്ചത്. രണ്ടു ഭൂഗർഭ നിലകൾ പാർക്കിംഗിനായി സജ്ജീകരിച്ചിട്ടുണ്ട്. 60 കാറുകൾ പാർക്ക് ചെയ്യാനാകും. 5380 സ്ക്വയർമീറ്ററാണ് പരിസ്ഥിതി സൗഹൃദ ഗ്രീൻ ബിൽഡിംഗിന്റെ വിസ്തീർണം. ഊർജ്ജ കാര്യക്ഷമത ഉറപ്പുവരുത്തുന്ന രീതിയാണ് കെട്ടിടത്തിന്റെ നിർമ്മാണം. പൂർണമായും ചുവപ്പ് നിറമാണ് കെട്ടിടത്തിന് നൽകിയിട്ടുള്ളത്.
എ.കെ.ജി സ്മാരക സമിതിക്ക് പഠന ഗവേഷണ കേന്ദ്രം നിർമ്മിക്കാൻ സർക്കാർ അനുവദിച്ച ഭൂമിയിലാണ് നിലവിലെ ആസ്ഥാന മന്ദിരം പ്രവർത്തിക്കുന്നത്. എ.കെ.ആന്റണി മുഖ്യമന്ത്രിയായിരിക്കെ 1977 ലാണ് കേരള സർവ്വകലാശാലാ വളപ്പിൽ നിന്നു 34.4 സെന്റ് സ്ഥലം എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിനായി പതിച്ചുനൽകിയത്. അതിനാൽ ഈ മന്ദിരത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസ് എന്ന ബോർഡ് സ്ഥാപിച്ചിരുന്നില്ല.
പുതിയ മന്ദിരത്തിലെ സൗകര്യങ്ങൾ
സന്ദർശകർക്കുള്ള മുറി, മൂന്ന് നിലകളിലായി ഓഫീസ്, സെക്രട്ടേറിയേറ്റ് ചേരാൻ ഹാൾ. പ്രസ് കോൺഫറൻസ് ഹാൾ. പാർട്ടി സെക്രട്ടറിക്കും സംസ്ഥാനത്തെ പി.ബി.അംഗങ്ങൾക്കും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങൾക്കും മുറികൾ. പി.ബി.അംഗങ്ങൾ അടക്കമുള്ള ദേശീയ നേതാക്കൾ എത്തിയാൽ താമസിക്കാൻ രണ്ടു നിലകളിലായി 20 മുറികൾ, വിശാലമായ ലൈബ്രറി.
Source link