മോനാണ്, പക്ഷെ നാടിന്റെ അന്തകനാവരുത്, ലഹരിക്കടിമയായ മകനെ പൊലീസിലേൽപ്പിച്ച് അമ്മ

കോഴിക്കോട്: ‘മോനാണ് സർ, ആറ്റുനോറ്റ് വളർത്തിയ മകൻ. അവൻ കുടുംബത്തെ കൊല്ലാനും നാടിന്റെ അന്തകനാവാനും മുതിർന്നാൽ ഒരമ്മയ്ക്ക് ഇതല്ലാതെ എന്ത് ചെയ്യാനാവും…’ യുവാവിനെ പൊലീസിലേൽപ്പിച്ച അമ്മയുടെ വാക്കുകൾ.
പിതാവിനെയും മാതാവിനെയും സഹോദരിയുടെ മൂന്നര വയസുള്ള കുഞ്ഞിനെയും കൊല്ലുമെന്ന് കഴിഞ്ഞദിവസം രാത്രി ഭീഷണിപ്പെടുത്തിയിരുന്നു.
എലത്തൂർ ചെട്ടികുളം വാളിയിൽ രാഹുലിനെയാണ് (25) അമ്മ മിനി നൽകിയ പരാതിയെത്തുടർന്ന് എലത്തൂർ പൊലീസ് അറസ്റ്റുചെയ്തത്.പോക്‌സോ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്.
വധഭീഷണിയെത്തുടർന്ന് സഹികെട്ടാണ് കഴിഞ്ഞ ദിവസം രാത്രി അമ്മ പൊലീസിനെ വിളിച്ചറിയിച്ചത്. രാവിലെ പൊലീസെത്തി രാഹുലിനെ കീഴ്‌പ്പെടുത്തി കൊണ്ടുപോകുകയായിരുന്നു.
എലത്തൂർ, കൂരാച്ചുണ്ട്, പീരുമേട്, കൊയിലാണ്ടി പൊലീസ് സ്റ്റേഷനുകളിലായി പോക്‌സോകേസുകളിലടക്കം പ്രതിയാണ്. വിവിധ കേസുകളിൽ വാറന്റുള്ള രാഹുലിനെ പോക്‌സോ കേസിലാണ് എലത്തൂർ എസ്.ഐ മുഹമ്മദ് സിയാദ് അറസ്റ്റ് ചെയ്തത്.
അവൻ അതു ചെയ്യും….
പെറ്റമ്മയുടെ വാക്കുകൾ
നൊന്തുപെറ്റ അമ്മയുടെ വാക്കുകളിങ്ങനെ…
മയക്കുമരുന്ന് ഉപയോഗിക്കുന്ന രാഹുൽ അത് ചെയ്യാൻ മടിക്കില്ലെന്ന് ഉറപ്പുള്ളതിനാലാണ് പൊലീസിൽ അറിയിച്ചത്. എട്ടാംക്ലാസിൽ പഠിക്കുമ്പോൾ തന്നെ ലഹരി ഉപയോഗിച്ചിരുന്നു. പണത്തിനായി വീട്ടിൽ നിരന്തരം വഴക്കുണ്ടാക്കും. കഴിഞ്ഞദിവസം സഹോദരിയുടെ കുട്ടിക്ക് മിഠായി നൽകിയതിൽ സംശയംതോന്നിയപ്പോൾ ചോദ്യം ചെയ്തു. ക്ഷുഭിതനായി അവൻ അസഭ്യം പറഞ്ഞു. സാധനങ്ങൾ എടുത്ത് എറിഞ്ഞു. മുത്തശ്ശിയെ അടിക്കാൻ ചെന്നു. പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോൾ, താൻ കഴുത്തിലെ ഞരമ്പ് മുറിക്കുമെന്നും നിങ്ങളാണ് ചെയ്തതെന്ന് മൊഴി കൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. മൂന്നുമാസത്തിനുള്ളിൽ എല്ലാവരെയും കൊന്ന് ജയിലിൽ പോവുമെന്നും പറഞ്ഞു.
Source link