ആശാവർക്കർമാരെ അപമാനിക്കുന്നു: കെ. സുധാകരൻ

തിരുവനന്തപുരം: ക്യൂബൻ സംഘത്തെ കാണാനുള്ള ഡൽഹി യാത്ര ആശാവർക്കർമാരുടെ അക്കൗണ്ടിലാക്കി മന്ത്രി വീണാജോർജ് അവരെ അപമാനിച്ചെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. മുഖ്യമന്ത്രി പിണറായി വിജയന് പഠിക്കുന്ന മന്ത്രി കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന ചൊല്ലാണ് ഓർമപ്പെടുത്തുന്നതെന്നും സുധാകരൻ പറഞ്ഞു. ആശാവർക്കർമാർക്ക് പ്രതീക്ഷ നല്കിയ ശേഷം അവരെ പിന്നിൽനിന്നു കുത്തുകയായിരുന്നു. കേന്ദ്രമന്ത്രിയെ കാണാൻ പോകുകയാണെന്ന് മന്ത്രിയുടെ ഓഫീസാണ് പ്രചരിപ്പിച്ചത്. അതു നടക്കാതെ വന്നപ്പോൾ മീഡയയെ കുറ്റപ്പെടുത്തുന്നു. ഡൽഹിക്കു പോകുന്നതിനു തൊട്ടുമുമ്പു നടത്തിയ ചർച്ചകളും മന്ത്രി പ്രഹസനമാക്കി. മുഖ്യമന്ത്രിയും വീണാജോർജുമൊക്ക രണ്ടു വർഷം മുമ്പാണ് ക്യൂബയിൽ പഠിക്കാൻ പോയത്. അതിന്റെ തുടർച്ചയായാണ് ക്യൂബൻ ഉപപ്രധാനമന്ത്രി ഉൾപ്പെടുന്ന സംഘത്തെ മന്ത്രി കണ്ടതെന്നും സുധാകരൻ പറഞ്ഞു.
ആശമാരെ കേന്ദ്രം തൊഴിലാളികളായി അംഗീകരിക്കണം: ടി.പി.രാമകൃഷ്ണൻ
ആശമാരെ തൊഴിലാളികളായി അംഗീകരിച്ച് കേന്ദ്രസർക്കാർ സംരക്ഷിക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻആവശ്യപ്പെട്ടു. ഇവരുടെ ശമ്പള വർദ്ധനയ്ക്ക് കേന്ദ്രം നൽകുന്നതിന് ആനുപാതികമായ വിഹിതം നൽകാൻ സംസ്ഥാനം തയ്യാറാണ്. സ്കൂൾ പാചകത്തൊഴിലാളികൾ, അങ്കണവാടി വർക്കർമാർ,തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങി സ്കീം വർക്കർമാരുടെ കാര്യത്തിലും ഈ നിലപാടാണ് സർക്കാരിന്. സമരത്തിനു പിന്നിൽ ചിലർക്ക് വേറെ ലക്ഷ്യങ്ങളുണ്ട്. രാഷ്ട്രീയലാഭത്തിന് സമരത്തെ വേറെ വഴിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമാണ് നടത്തുന്നത്. വീണാജോർജിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമം രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണ്.
ആശാ, അങ്കണവാടി സമരത്തെ ഉപയോഗിച്ച് തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാമെന്ന് ആരെങ്കിലും കരുതിയെങ്കിൽ വിലപ്പോവില്ല. മുഴുവൻ ഫണ്ടും നൽകിയെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ വാദം തെറ്റാണ്. അദ്ദേഹത്തെ കണ്ട് ഇക്കാര്യം ബോദ്ധ്യപ്പെടുത്താനുള്ള ശ്രമം വീണാജോർജ് വീണ്ടും നടത്തും.
വീണാജോർജ് വഞ്ചനയുടെ ആൾരൂപം: കെ.സുരേന്ദ്രൻ
കേന്ദ്ര മന്ത്രി ജെ.പി.നദ്ദ കൂടിക്കാഴ്ച നിഷേധിച്ചെന്ന വീണാജോർജിന്റെ ആരോപണം നാടകമാണെന്നും വീണാജോർജ് വഞ്ചനയുടെ ആൾരൂപമാണെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ക്യൂബൻ സർക്കാരിന്റെ പ്രതിനിധികളെ കാണാനാണ് സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി ഡൽഹിയിലെത്തിയത്. സംസ്ഥാന ഖജനാവിലെ പണം ഉപയോഗിച്ച് നടത്തിയ അനാവശ്യ യാത്രമറയ്ക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രി സന്ദർശനം നിഷേധിച്ചെന്ന കള്ളപ്രചരണം നടത്തുന്നത്. ഇത്തരം നാടകങ്ങൾ വീണാ ജോർജിന് പുത്തരിയല്ല. ഇതിന് മുമ്പ് കുവൈത്തിലേക്ക് യാത്രാനുമതി ലഭിക്കാതെ വിമാനത്താവളത്തിൽ നിന്നും തിരിച്ചയച്ചുവെന്ന് പറഞ്ഞ് ബഹളം വച്ചത് മലയാളികൾ മറന്നിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
Source link