വിദ്യാഭ്യാസവകുപ്പ് അടച്ചുപൂട്ടാനുള്ള എക്‌സിക്യുട്ടീവ് ഉത്തവില്‍ ഒപ്പുവെച്ചു; ട്രംപിനെതിരെ പ്രതിഷേധം

വാഷിങ്ടണ്‍ : യു.എസ്. വിദ്യാഭ്യാസവകുപ്പ് അടച്ചുപൂട്ടിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയില്‍ വ്യാപക അമര്‍ഷം. ട്രംപിന്റെ നീക്കം വിനാശകരമാണെന്ന് സെനറ്റിലെ ഡെമോക്രാറ്റിക് നേതാവ് ചക്ക് ഷൂമര്‍ പറഞ്ഞു. അത് യു.എസിലെ വിദ്യാര്‍ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ഒരുപോലെ ബാധിക്കും. കുട്ടികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം കിട്ടുന്നതിന് തടസ്സമാകും- ഷൂമര്‍ പറഞ്ഞു. മാര്‍ച്ച് 21, അമേരിക്കന്‍ വിദ്യാര്‍ഥികളെ സംബന്ധിച്ച് കരിദിനമാണെന്ന് പൗരാവകാശസംഘടനയായ എന്‍.എ.എ.സി.പി. പറഞ്ഞു.വ്യാഴാഴ്ചയാണ് വിദ്യാഭ്യാസവകുപ്പിന് താഴിട്ടുകൊണ്ടുള്ള എക്‌സിക്യുട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കാതെ ഇത്രയുംകാലം വകുപ്പ് പണം വെറുതേ ചെലവാക്കുകയായിരുന്നെന്ന് ആരോപിച്ചാണ് നടപടി. വിദ്യാഭ്യാസകാര്യങ്ങളിന്മേലുള്ള സമ്പൂര്‍ണാധികാരം വീണ്ടും സംസ്ഥാനങ്ങള്‍ക്കു മടക്കിനല്‍കുകയാണെന്ന് ട്രംപ് പറഞ്ഞു. ഉത്തരവിൽ ഒപ്പുവെക്കാന്‍ വൈറ്റ്ഹൗസിലെത്തിയപ്പോൾ ലിന്‍ഡ മക്‌മോഹനെ അമേരിക്കയുടെ അവസാനത്തെ വിദ്യാഭ്യാസ സെക്രട്ടറിയെന്ന് പറഞ്ഞാണ് ട്രംപ് പരിചയപ്പെടുത്തിയത്.
Source link