കിട്ടാനില്ല കരിങ്കല്ല് , പ്രതിസന്ധിയിൽ നിർമ്മാണ മേഖല

കൊച്ചി: കരിങ്കൽ ക്ഷാമംമൂലം നിർമ്മാണ മേഖല പ്രതിസന്ധിയിൽ. സംസ്ഥാനത്ത് ക്വാറികളുടെ എണ്ണം കുറഞ്ഞതും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്നത് അതിർത്തികളിൽ തടയുന്നതുമാണ് കാരണം. മെറ്റൽ, പാറപ്പൊടി, എം സാൻഡ് തുടങ്ങിയവയുടെ വില കുത്തനെ കൂടിയതും പ്രതിസന്ധിയുടെ ആഴംകൂട്ടി.
സംസ്ഥാനത്തുണ്ടായിരുന്നത് 686 അംഗീകൃത ക്വാറികൾ. ഇപ്പോൾ പ്രവർത്തിക്കുന്നത് 260 എണ്ണം. ഇതുമൂലം വില കൂടുതലാണെങ്കിലും നിർമ്മാണ മേഖല ആശ്രയിച്ചിരുന്നത് തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കരിങ്കല്ലുകളെയാണ്. എന്നാൽ, ലോഡുകൾ പലതും അതിർത്തികളിൽ തടയുകയാണ്. പാസില്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്.
കരിങ്കല്ല് കിട്ടാതായതോടെ പല കെട്ടിടങ്ങളുടേയും ബേസ്‌മെന്റ് കോൺക്രീറ്റ് ചെയ്യുകയാണ് ഇപ്പോൾ. ഇതിന് ചെലവ് കൂടുതലാണ്. 2,000 ചതുരശ്ര അടി കെട്ടിടത്തിന്റെ ബേസ്‌മെന്റ് കോൺക്രീറ്റ് ചെയ്യാൻ കരിങ്കല്ല് ഉപയോഗിക്കുന്നതിനെക്കാൾ രണ്ടു ലക്ഷം രൂപവരെ ചെലവ് കൂടുമെന്ന് നിർമ്മാതാക്കൾ പറയുന്നു.
അനധികൃത പൊട്ടിക്കൽ വ്യാപകം
കരിങ്കല്ല് ക്ഷാമംമൂലം പലയിടങ്ങളിലും പറമ്പുകളിലും മറ്റുമുള്ള കല്ലുകൾ അനധികൃതമായി പൊട്ടിച്ച് വില്പനയ്ക്കെത്തിക്കുന്നു. ആസിഡ് ഉപയോഗിച്ചാണ് കല്ലുകൾ പൊട്ടിക്കുന്നത്. ഇത്തരം കല്ലുകൾക്ക് ആയുസ് കുറയുമെന്ന് നിർമ്മാതാക്കൾ പറയുന്നു.
ഏറ്റവും കൂടുതൽ ക്വാറികൾ
ഉള്ളത് പാലക്കാട്ട്- 50ലേറെ
ആലപ്പുഴയിൽ നിലവിൽ
ക്വാറികളില്ല
നിർമ്മാണ സാമഗ്രികളുടെ വില
(ഒരു വർഷം മുമ്പുള്ള വില
ബ്രാക്കറ്റിൽ, വില രൂപയിൽ)
കരിങ്കല്ല് (ഒരു ലോഡിന്, 150അടി)…………8,500 (6,500)
മെറ്റൽ (ഒരു ലോഡിന്),………………………..12,000 (9,000)
എംസാൻഡ്…………………………………………14,500 (12,000)
കമ്പി (കിലോയ്ക്ക്)……………………………………64-67 (59)
സിമന്റ് (ചാക്കിന്)…………………………………360-420 (350-400)
”നിയമാനുസൃതമായ ക്വാറികൾക്ക് പ്രവർത്തനാനുമതി നൽകിയാൽ കരിങ്കൽ ക്ഷാമത്തിന് പരിഹാരമാകും
-എൻ.കെ. ബാബു, സംസ്ഥാന പ്രസിഡന്റ്,
മൈനിംഗ് ആൻഡ് ക്രഷിംഗ് ഓണേഴ്‌സ് അസോ.
Source link