ഔറംഗസേബിന്റെ ശവകുടീരത്തെച്ചൊല്ലി സംഘർഷം: അറസ്റ്റിലായത് 100 പേർ, സമൂഹമാധ്യമ പോസ്റ്റുകൾ നിരീക്ഷണത്തിൽ

മുംബൈ ∙ ഔറംഗസേബിന്റെ ശവകുടീരത്തെച്ചൊല്ലി നാഗ്പുരിൽ ഉണ്ടായ സംഘർഷത്തിൽ 9 പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നൂറായി. കഴിഞ്ഞ ദിവസം അറസ്റ്റിലായ 17 പേരെ കോടതി ഇന്നുവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൊലീസ് ഒരാഴ്ചത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. സമൂഹമാധ്യമങ്ങൾ കർശനമായി നിരീക്ഷിക്കാനും വ്യാജവും പ്രകോപനപരവുമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ഉടൻ നടപടി സ്വീകരിക്കാനും ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നിർദേശം നൽകിയിട്ടുണ്ട്.നാഗ്പുരിൽ അക്രമം നടന്ന ദിവസം സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകൾ നേരത്തേ തന്നെ ട്രാക്ക് ചെയ്യേണ്ടതായിരുന്നെന്നും ആക്രമണം ആസൂത്രണം ചെയ്തവരെ എളുപ്പം കണ്ടെത്താൻ അതുവഴി കഴിയുമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘‘ചില സമൂഹമാധ്യമ പോസ്റ്റുകൾ ബംഗാളി ഭാഷയിൽ ആയിരുന്നു. അക്രമത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന സംശയം സൃഷ്ടിക്കുന്നതാണിത്. രഹസ്യാന്വേഷണ വിഭാഗം പരാജയപ്പെട്ടെന്ന പ്രതിപക്ഷ ആരോപണം ശരിയല്ല. അക്രമം വ്യാപിക്കാതെ പൊലീസ് നിയന്ത്രിച്ചു.’’ – ഫഡ്നാവിസ് പറഞ്ഞു. സംഘർഷത്തിനു ശേഷം ആദ്യമായി ഫഡ്നാവിസ് ഇന്നലെ നാഗ്പുരിലെത്തി.സംഭാജി നഗറിലെ ഔറംഗസേബ് സ്മാരകം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി പ്രവർത്തകർ തിങ്കളാഴ്ച നടത്തിയ പ്രകടനത്തിനിടെ ഖുർആൻ വചനം എഴുതിയ തുണി കത്തിച്ചെന്ന അഭ്യൂഹം പരന്നതോടെയാണ് നാഗ്പുരിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയത്. കല്ലേറിലും തീവയ്പിലും എഴുപതോളം പേർക്കു പരുക്കേറ്റു. ഡിസിപി റാങ്കിലുള്ള ഉദ്യോഗസ്ഥരടക്കം ഒട്ടേറെ പൊലീസുകാരും അക്രമിക്കപ്പെട്ടു. വീടുകളും കടകളും വാഹനങ്ങളും അക്രമത്തിൽ തകർന്നു. പ്രധാന പ്രതിയെന്ന് ആരോപിച്ച് മൈനോറിറ്റീസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഫഹിം ഖാനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഫഹിം ഖാനും മറ്റ് അഞ്ച് പേർക്കുമെതിരെ രാജ്യദ്രോഹക്കുറ്റത്തിനു പൊലീസ് കേസെടുത്തിട്ടുണ്ട്.
Source link