കോട്ടയത്ത് ശക്തമായ മഴയും കാറ്റും, ജില്ലകളിൽ മുന്നറിയിപ്പ്; അടുത്ത 3 ദിവസം ഇടിമിന്നൽ

കോട്ടയം ∙ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ. കോട്ടയം നഗരത്തിൽ ഇടിമിന്നലോട് കൂടി കനത്ത മഴയാണ് പെയ്യുന്നത്. തുരുത്തിപാലത്ത് കാറ്റിൽ മരം വീണ് 27കാരിക്ക് പരുക്കേറ്റു. ഭാരത് ആശുപത്രിയിലെ നഴ്സായ യുവതിക്കാണ് പരുക്കേറ്റത്. അതേസമയം, കനത്ത മഴയ്ക്കിടെ മരങ്ങാട്ടുപള്ളിക്കു സമീപം അണ്ടൂരിൽ സഹോദങ്ങൾക്ക് ഇടിമിന്നലേറ്റു. ആൻ മരിയ (22) ആൻഡ്രൂസ് (17) എന്നിവർക്കാണ് പരുക്കേറ്റത്. അടുത്ത 3 മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, വയനാട്, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇന്നു മുതൽ അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നലേറ്റ് അപകടങ്ങൾ കൂടുന്നതിനാൽ ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Source link