3 സഹപാഠികളെ കുത്തിവീഴ്ത്തി പത്താം ക്ളാസുകാരൻ

പെരിന്തൽമണ്ണ: സ്കൂളിൽ സ്ഥിരം പ്രശ്നക്കാരനായ പത്താംക്ളാസ് വിദ്യാ‌ർത്ഥി സഹപാഠികളായ മൂന്നുപേരെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചു. താഴെക്കോട് പി.ടി.എം ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്നലെ പത്താം ക്ളാസ് പരീക്ഷ കഴിഞ്ഞതിനു പിന്നാലെയാണ് സംഭവം.

രണ്ടുപേരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജിലുള്ളവർ അത്യാഹിത വിഭാഗത്തിലാണ്. അപകടനില തരണം ചെയ്തിട്ടുണ്ട്. രണ്ടുപേരുടെ തലയ്ക്കും ഒരാളുടെ തലയ്ക്കും കൈയ്ക്കുമാണ് മൂർച്ചയുള്ള ആയുധം കൊണ്ട് കുത്തിയത്.

പരീക്ഷ കഴിഞ്ഞ് രാവിലെ 11.30നാണ് സംഭവം. മലയാളം മീഡിയത്തിലെ മൂന്ന് പേർ ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികളുമായി തർക്കത്തിലേർപ്പെട്ടു. ഇതിനിടെയായിരുന്നു മലയാളം മീഡിയത്തിലെ വിദ്യാർത്ഥി കുത്തിയത്. മറ്റൊരു അക്രമ സംഭവത്തിന്റെ പേരിൽ ഈ കുട്ടി സസ്‌പെൻഷനിലായിരുന്നു. പരീക്ഷയെഴുതാൻ മാത്രമായിരുന്നു അനുമതി. ഒൻപതിൽ പഠിക്കുമ്പോഴും സ്‌കൂളിൽ പ്രശ്നമുണ്ടാക്കിയിരുന്നു. തുടർന്ന് രക്ഷിതാക്കളെ വരുത്തി ടി.സി നൽകി വിട്ടു. എന്നാൽ മറ്റ് സ്‌കൂളുകളിൽ പ്രവേശനം ലഭിക്കാതെ വന്നതോടെ തിരികെ ഇതേ സ്‌കൂളിലെത്തി. ഇനി പ്രശ്നമുണ്ടാക്കില്ലെന്ന ഉറപ്പിനെ തുടർന്നാണ് തിരിച്ചെടുത്തത്. അദ്ധ്യാപകരുടെ നേതൃത്വത്തിൽ കൗൺസലിംഗും ലഭ്യമാക്കിയിരുന്നു.

കുത്തിയ വിദ്യാർത്ഥിയെയും ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരെയും പെരിന്തൽമണ്ണ പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കി.


Source link
Exit mobile version