KERALAM

കൊച്ചിയിൽ ‘പണി’ മോഡലിൽ യുവാവിന് നേരെ ആക്രമണം നടത്തി വീഡിയോ വാട്‌സാപ്പ് സ്‌റ്റാറ്റസാക്കി, പ്രതി മുൻപ് കാപ്പ കേസിൽ അറസ്‌റ്റിലായയാൾ

കൊച്ചി: യുവാവിനെ ആക്രമിച്ച് വീടിന് പുറത്തെത്തിച്ച് കാല് തല്ലിയൊടിച്ച് കാപ്പ കേസ് പ്രതി. തൃക്കാക്കരയിലാണ് സംഭവം. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിനെ കാപ്പാ കേസ് പ്രതിയായ ശ്രീരാജ് അതിക്രമിച്ച് കയറി മർദ്ദിക്കുകയും ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തുകയും ചെയ്‌തു. ഭീഷണിപ്പെടുത്തി യുവാവിനെ പുറത്തെത്തിച്ച ശ്രീരാജ് ഇയാളുടെ കാല് തല്ലിയൊടിക്കുകയും ചെയ്‌തു.

സംഭവത്തിന് പിന്നാലെ പൊലീസ് പിടിയിലായപ്പോൾ അടുത്തിടെ പുറത്തിറങ്ങിയ ‘പണി’ സിനിമയിലെ ദൃശ്യങ്ങൾ താൻ അനുകരിച്ചാതാണെന്ന് ശ്രീരാജ് മൊഴി നൽകി. ഒരു പെൺകുട്ടിയുമായി യുവാവിന് അടുപ്പമുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിന്റെ വീഡിയോ യുവാവിന്റെ തന്നെ വാട്‌സാപ്പിൽ സ്റ്റാറ്റസാക്കുകയും ചെയ്‌തു ഇയാൾ.

കാപ്പ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് ഇയാളെ രണ്ട് ദിവസം മുൻപ് മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നത്. താന്തോണിത്തുരുത്ത് സ്വദേശിയായ ശ്രീരാജിനെ (28) രഹസ്യവിവരത്തെ തുടർന്നാണ് മുളവുകാട് പൊലീസ് അന്ന് അറസ്റ്റ് ചെയ്‌തത്. കൊലപാതക ശ്രമം, പോക്‌സോ കേസുകൾ ഉൾപ്പെടെ 10 കേസിൽ പ്രതിയാണ് ശ്രീരാജ്. കാപ്പ ചുമത്തിയെങ്കിലും പൊലീസിന്റെ കണ്ണുവെട്ടിച്ച് തുരുത്തിൽ താമസിക്കുകയായിരുന്നു. പലതവണ ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും പൊലീസിനെ വെട്ടിച്ച് കായലിൽ ചാടി രക്ഷപെടുക പതിവായിരുന്നു. മുളവുകാട് എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള സംഘം വീട് വളഞ്ഞാണ് ഇയാളെ പിടികൂടിയത്. പൊലീസിനെ വെട്ടിച്ച് ഓടിരക്ഷപെടാൻ ശ്രമിച്ചെങ്കിലും കീഴ്‌പ്പെടുത്തുകയായിരുന്നു.


Source link

Related Articles

Back to top button