INDIALATEST NEWS

കർഷകസമരത്തിൽ മലക്കംമറിഞ്ഞ് പഞ്ചാബ് സർക്കാർ; ഒറ്റരാത്രികൊണ്ട് സമരം ഒഴിപ്പിച്ചു, റോഡ് തുറന്നു


ന്യൂ‍ഡൽ‌ഹി ∙ ഒറ്റരാത്രികൊണ്ട് സമരപ്പന്തലുകൾ ഒഴിപ്പിച്ചു. പ്രധാന നേതാക്കളെയും മുന്നൂറിലേറെ കർഷകരെയും അറസ്റ്റ് ചെയ്തു. സമരത്തെ പിന്തുണച്ചിരുന്ന പഞ്ചാബ് സർക്കാർ നിലപാടു മാറ്റിയതോടെ പഞ്ചാബ്–ഹരിയാന അതിർത്തികളിലെ കർഷകസമരത്തിന്റെ ഭാവി തുലാസിലായി. ‘ആം ആദ്മി പാർട്ടി പിന്നിൽനിന്നു കുത്തി. കേന്ദ്രവുമായി കൈകോർത്ത് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ കർഷകർക്കെതിരെ തിരിഞ്ഞു’– കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി (കെഎംഎസ്‌സി) നേതാവ് സത്‌നാം സിങ് പന്നു പറഞ്ഞു. എഎപിയുടെ നടപടിയെ കോൺഗ്രസും ബിജെപിയും വിമർശിച്ചു.ലുധിയാന വെസ്റ്റിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വ്യാപാരികളുടെ പിന്തുണ നഷ്ടപ്പെടുമെന്നു ഭയന്നാണ് എഎപിയുടെ പിൻമാറ്റമെന്നു വിലയിരുത്തലുണ്ട്. കർഷകസമരത്തിനു പിന്തുണ കുറഞ്ഞതും സമരം ഒഴിപ്പിക്കാൻ സർക്കാരിനു ധൈര്യം പകർന്നു. അതിനിടെ കർഷകരെ തള്ളി പഞ്ചാബ് ധനമന്ത്രി ഹർപാൽ സിങ് ചീമ രംഗത്തെത്തി. കർഷകരുടെ എതിർപ്പുകൾ കേന്ദ്രത്തോടാണ്. അതിനു പഞ്ചാബിനെ സ്തംഭിപ്പിക്കാതെ ഡൽഹിയിൽ സമരം ചെയ്യണമെന്നു ചീമ പറഞ്ഞു.പഞ്ചാബ് സർക്കാർ വിളിച്ച യോഗത്തിൽ പങ്കെടുക്കില്ലെന്നു ഭാരതീയ കിസാൻ യൂണിയൻ (ഉഗ്രഹൻ) പറഞ്ഞതോടെ സംഘടനകൾക്കിടയിലും അഭിപ്രായവ്യത്യാസമുണ്ടെന്നു വ്യക്തമായിരുന്നു. ഇവർക്കു പുറമേ സംയുക്ത കിസാൻ മോർച്ചയെയും ചർച്ചയ്ക്കു വിളിച്ചിരുന്നു. പഞ്ചാബ്, ഹരിയാന സർക്കാരുകളുടെ നടപടികൾക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് എസ്കെഎം നേതാക്കൾ പറഞ്ഞു. അറസ്റ്റിലായ കർഷകരും നേതാക്കളും പൊലീസ് സ്റ്റേഷനുകളിൽ നിരാഹാരമാരംഭിച്ചിട്ടുണ്ട്.പഞ്ചാബ്–ഹരിയാന അതിർത്തികളിലെ സമരക്കാരെ ഒഴിപ്പിച്ചതിനു പിന്നാലെ, അടച്ചിട്ടിരുന്ന ഡൽഹിക്കും ഹരിയാനയ്ക്കുമിടയിലെ സിംഗു അതിർത്തിയും പൊലീസ് തുറന്നു. 2020–21 ലെ കർഷക സമരത്തെത്തുടർന്ന് അടച്ച അതിർത്തിയാണിത്. വിവാദ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ മുൻപു നടന്ന കർഷക സമരത്തിനു രാജ്യവ്യാപക പിന്തുണയുണ്ടായിരുന്നെങ്കിലും പഞ്ചാബ്– ഹരിയാന അതിർത്തിയിൽ സമരത്തിന് ഈ പിന്തുണ ലഭിച്ചില്ല. 


Source link

Related Articles

Back to top button