INDIA

തഹാവൂർ റാണയുടെ പുതിയ ഹർജി 4 ന് പരിഗണിക്കുമെന്ന് യുഎസ് സുപ്രീം കോടതി


ന്യൂയോർക്ക് ∙ മുംബൈ ഭീകരാക്രമണക്കേസിൽ കുറ്റാരോപിതനായ പാക്ക് വംശജനും കാനഡ പൗരനുമായ തഹാവൂർ റാണ (64) ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ നൽകിയ പുതിയ ഹർജി യുഎസ് സുപ്രീം കോടതി അടുത്ത മാസം 4ന് പരിഗണിക്കും. ഇന്ത്യയ്ക്ക് കൈമാറിയാൽ ശാരീരികമായി പീഡിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് കാട്ടിയാണ് ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സിന് പ്രത്യേക പരാതി നൽകിയത്.മുംബൈ ഭീകരാക്രമണത്തിനു പിന്നിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന ഇന്ത്യയുടെ വാദം അംഗീകരിച്ച് 2023 മേയ് 18ന് റാണയെ കൈമാറാൻ യുഎസ് തീരുമാനിച്ചിരുന്നു. ഇതിനെതിരെ യുഎസിലെ വിവിധ ഫെഡറൽ കോടതികളിൽ റാണ നൽകിയ അപേക്ഷ തള്ളിയതോടെ കഴിഞ്ഞ നവംബർ 13ന് റാണ സുപ്രീം കോടതിയെ സമീപിച്ചു. ഫെഡറൽ കോടതികളുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന റിട്ട് അപ്പീൽ 21ന് സുപ്രീം കോടതിയും തള്ളി. ഇന്ത്യയ്ക്കു കൈമാറാൻ 2025 ജനുവരി 25ന് യുഎസ് സുപ്രീം കോടതി അനുമതി നൽകി. ഇതിനെതിരെ ഫെബ്രുവരി 27ന് നൽകിയ പരാതിയും തള്ളിയതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസിന് പുതിയ പരാതി നൽകിയത്. റാണ ഇപ്പോൾ ലൊസാഞ്ചലസ് ജയിലിലാണുള്ളത്.ലഷ്കറെ തയിബയും ഐഎസ്ഐയുമായി അടുത്ത ബന്ധമുണ്ടായിരുന്ന റാണ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിലൊരാളായ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ‌്‌ലിയുടെ അടുത്ത അനുയായിയാണ്. ഹെഡ്‌ലിക്ക് ഇന്ത്യയിലെത്താനും മുംബൈയിലെ ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്താനും വീസ സംഘടിപ്പിച്ചു നൽകിയത് റാണയുടെ സ്ഥാപനമായിരുന്നു.


Source link

Related Articles

Back to top button