INDIALATEST NEWS

ജഡ്ജിയുടെ വസതിയിലെ പണം: അമ്പരപ്പോടെ നിയമവൃത്തം; അണയുമോ വിവാദത്തീ


ന്യൂഡൽഹി ∙ മികച്ച ജഡ്ജി എന്നു പേരെടുത്ത ജസ്റ്റിസ് യശ്വന്ത് വർമയ്ക്കെതിരെ ഉയർന്ന ആരോപണം ഡൽഹിയിലെ നിയമവൃത്തങ്ങളെ അമ്പരപ്പിക്കുക സ്വാഭാവികം. ആരോപണത്തിന്റെ അടിസ്ഥാനത്തിൽ നടപടികൾ തുടങ്ങിയതായി സുപ്രീം കോടതി വ്യക്തമാക്കിയെങ്കിലും ജഡ്ജിയുടെ വീട്ടിൽ തങ്ങൾ പണം കണ്ടില്ലെന്ന് അഗ്നിരക്ഷാസേനാ മേധാവി പറഞ്ഞതോടെ വിഷയം സങ്കീർണമായി. പരസ്യപ്രതികരണത്തിന് ജസ്റ്റിസ് വർമ തയാറായിട്ടുമില്ല.  അഴിമതിയാരോപണങ്ങളിൽ ഹൈക്കോടതി ജഡ്ജിമാർ ലോക്പാൽ, ലോകായുക്ത നിയമത്തിന്റെ പരിധിയിൽ വരുമെന്നു കഴിഞ്ഞ ജനുവരി 27ന് ലോക്പാൽ ഉത്തരവിട്ടിരുന്നു. വിഷയം സ്വമേധയാ പരിഗണിച്ച സുപ്രീം കോടതി കഴിഞ്ഞ മാസം 20ന് ആ ഉത്തരവ് സ്റ്റേ ചെയ്തു. അതിനു പിന്നാലെയാണ് ജഡ്ജിയ്ക്കെതിരെ ആരോപണമുണ്ടായിരിക്കുന്നത്. ഇതു ജഡ്ജിനിയമന സംവിധാനം കുറ്റമറ്റതാക്കാൻ കൂടുതൽ നടപടികൾക്ക് സുപ്രീം കോടതിയെയും കേന്ദ്ര സർക്കാരിനെയും നിർബന്ധിക്കുന്നു.  ആരോപിക്കപ്പെടുന്ന സംഭവം കഴിഞ്ഞ 14ന് ആണ് ഉണ്ടായത്. എന്നാൽ, കഴിഞ്ഞ ദിവസത്തെ പത്രവാർത്തയിലൂടെയാണ് അതു പുറംലോകമറിഞ്ഞത്. രാജ്യസഭയിലുൾപ്പെടെ വിഷയം ചർച്ചയായതിനു പിന്നാലെ, വൈകുന്നേരം സുപ്രീം കോടതിയിൽനിന്നു പ്രസ്താവനയുണ്ടായി. അതു തുടങ്ങുന്നത് ‘ജസ്റ്റിസ് യശ്വന്ത് വർമയുടെ വസതിയിലെ സംഭവം സംബന്ധിച്ച് തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിക്കുന്നു’ എന്നു പറഞ്ഞുകൊണ്ടാണ്.  വിഷയത്തെക്കുറിച്ച് പരസ്യചർച്ചയുണ്ടായപ്പോൾ മാത്രം രംഗത്തുവന്നതിനെ സുപ്രീം കോടതിക്കു ന്യായീകരിക്കാം. ജഡ്ജിമാർക്കെതിരായ പരാതികളുടെ അടിസ്ഥാനത്തിലുള്ള നടപടികൾ രഹസ്യമായിരിക്കണം എന്നു സുപ്രീം കോടതിതന്നെ 2015 ൽ മധ്യപ്രദേശിലെ ഒരു കേസിൽ നൽകിയ വിധിയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും തങ്ങളുടെയും ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെയും ഭാഗത്തുനിന്നുള്ള തുടർനടപടികൾ സുപ്രീം കോടതി പ്രസ്താവനയിലൂടെ വിശദീകരിച്ചു.  


Source link

Related Articles

Back to top button