KERALAM

എട്ട് ജില്ലകളില്‍ ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാദ്ധ്യത; കോട്ടയത്ത് മിന്നലേറ്റും മരം കടപുഴകിയും അപകടം

ഫോട്ടോ: കേരളകൗമുദി

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ വിവിധ ജില്ലകളില്‍ ഇടിമിന്നലോടുകൂടിയുള്ള കനത്ത മഴയ്ക്ക് സാദ്ധ്യത. കോട്ടയം ജില്ലയില്‍ കനത്ത മഴ പെയ്യുകയാണ്. ജില്ലയില്‍ രണ്ടിടത്ത് മഴയെ തുടര്‍ന്ന് അപകടവും സംഭവിച്ചു. പാലായില്‍ ഇടിമിന്നലേറ്റ് സഹോദരങ്ങള്‍ക്ക് പരിക്കേറ്റു. പാലാ സ്വദേശികളായ ആന്‍മരിയ, ആന്‍ഡ്രൂസ് എന്നിവര്‍ക്കാണ് മിന്നലേറ്റത്. ഇരുവരേയും ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കോട്ടയം തുരുത്തിപ്പാലത്ത് മരം വീണ് നഴ്‌സിന് പരിക്കേറ്റു, 27കാരിയായ യുവതി ഭാരത് ആശുപത്രിയിലെ നഴ്‌സാണ്. അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ വ്യാപകമായി മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ആണ് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാദ്ധ്യതയുള്ളത്. ഈ എട്ട് ജില്ലകളിലും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

സംസ്ഥാനത്ത് ഇന്ന് മുതല്‍ അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കു സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. ഇടിമിന്നലേറ്റ് അപകടങ്ങള്‍ കൂടുന്നതിനാല്‍ ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.


Source link

Related Articles

Back to top button