LATEST NEWS

കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട തർക്കം; തൃശൂരിൽ യുവാവിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊന്നു


തൃശൂർ ∙ കുന്നംകുളം പെരുമ്പിലാവിൽ ലഹരി മാഫിയ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. നിരവധി കേസുകളിൽ പ്രതിയായ കൂത്തനെന്ന് വിളിക്കുന്ന അക്ഷയ്‌ (27) ആണ് വെട്ടേറ്റു മരിച്ചത്. കടവല്ലൂർ സ്വദേശിയും നിലവിൽ മരത്തംകോട് വാടകയ്ക്ക് താമസിക്കുന്നയാളുമാണ് കൊല്ലപ്പെട്ട അക്ഷയ്. രാത്രി എട്ടരയോടെയാണ് സംഭവം. അക്ഷയും ഭാര്യയും ലിഷോയുടെ വീട്ടിലെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്.  അക്ഷയുടെ സുഹൃത്തുക്കളായ ലിഷോയി, ബാദുഷ എന്നിവരാണ് ആക്രമണം നടത്തിയത്. ഭർത്താവിനെ ആക്രമിക്കുന്നത് കണ്ട അക്ഷയുടെ ഭാര്യ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. സുഹൃത്തുക്കളും ലഹരി കച്ചവടക്കാരുമായിരുന്നു കൊല്ലപ്പെട്ട അക്ഷയും ലിഷോയിയും ബാദുഷയും. കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ ലിഷോയ്ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സംഘർഷത്തിൽ പരുക്കേറ്റ ബാദുഷ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇയാൾ ഗുരുവായൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളാണ്. അക്ഷയുടെ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


Source link

Related Articles

Back to top button