സൂരിയെ നാടുകടത്തുന്നത് കോടതി തടഞ്ഞു

വാഷിംഗ്ടൺ ഡിസി: പലസ്തീൻ അനുകൂല നിലപാടിന്റെ പേരിൽ അമേരിക്കയിൽ അറസ്റ്റിലായ ഇന്ത്യൻ ഗവേഷണ വിദ്യാർഥി ബദർ ഖാൻ സൂരിയെ നാടുകടത്തുന്നത് വിർജീനിയ കോടതി തടഞ്ഞു. പ്രമുഖ പൗരാവകാശ സംഘടനയായ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ നല്കിയ ഹർജിയിലാണു നടപടി. കേസിൽ മറിച്ചൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സൂരിയെ അമേരിക്കയിൽനിന്നു നാടുകടത്തരുതെന്നാണു നിർദേശം. രാഷ്ട്രീയ വീക്ഷണത്തിന്റെ പേരിൽ ഒരാളെ അറസ്റ്റ് ചെയ്തു തടവിലാക്കി നാടുകടത്തുന്നതിലൂടെ അമേരിക്കയിലെ ട്രംപ് ഭരണകൂടം എതിർപ്പുകളെ നിശബ്ദമാക്കാനാണു ശ്രമിക്കുന്നതെന്നു സിവിൽ ലിബർട്ടീസ് യൂണിയൻ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
ഡൽഹി സ്വദേശിയായ സൂരി വാഷിംഗ്ടൺ ഡിസിയിലെ ജോർജ് ടൗൺ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ്ഡോക്ടറൽ ഗവേഷണം നടത്തുകയായിരുന്നു. കുടിയേറ്റവകുപ്പ് ഉദ്യോഗസ്ഥർ, തിങ്കളാഴ്ച വിർജീനിയയിലെ വസതിയിൽനിന്ന് അറസ്റ്റ് ചെയ്ത ഇദ്ദേഹത്തെ ലൂയിസിയാനയിലെ കുടിയേക്കറ്റക്കാർക്കായുള്ള തടവറയിലാണു പാർപ്പിച്ചിരിക്കുന്നത്.
Source link