‘സുനിതയുടെ മടക്കയാത്ര വൈകിയത് ബൈഡന്റെ ധൈര്യക്കുറവ് മൂലം; ട്രംപ് വേഗത്തിൽ പ്രവർത്തിച്ചു’

ന്യൂയോർക്ക്∙ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും തിരികെ ഭൂമിയിലെത്തിയതിനു പിന്നാലെ മുൻ പ്രസിഡന്റ് ജോ ബൈഡനെ കുറ്റപ്പെടുത്തി യുഎസ്. ബൈഡൻ ഭരണകൂടത്തിന്റെ നിരുത്തരവാദപരമായ സമീപനമാണു ബഹിരാകാശ യാത്രികരുടെ തിരിച്ചുള്ള മടക്കം ഇത്രയും നീളാൻ കാരണമെന്നു യുഎസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പറഞ്ഞു. ട്രംപ് ഭരണകൂടത്തിന് കീഴിലെ ചരിത്രപരമായ ദൗത്യമായിരുന്നു സുനിതയുടെയും സംഘത്തിന്റെ മടക്കയാത്രയെന്നും അവർ വ്യക്തമാക്കി. ‘‘ബഹിരാകാശ യാത്രികരുടെ തിരിച്ചുവരവിൽ ബൈഡൻ ഭരണകൂടം വേഗത കാണിച്ചില്ല. നിർണായക തീരുമാനമെടുക്കാനുള്ള ജോ ബൈഡന്റെ ധൈര്യക്കുറവ് കാരണമാണ് സുനിതയ്ക്കും ബുച്ച് വിൽമോറിനും ഇത്രയും ദിവസം അവിടെ നിൽക്കേണ്ടി വന്നത്. പക്ഷേ, ട്രംപ് ഒരിക്കലും സമയം പാഴാക്കിയില്ല. അധികാരമേറ്റതിന് പിന്നാലെ തന്നെ ധീരശാലികളായ ബഹിരാകാശ യാത്രികരെ തിരികെ എത്തിക്കാനായി നാസയോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഇലോൺ മസ്ക്കിനും സ്പേസ് എക്സിനും ട്രംപ് നിർദേശം നൽകി. ട്രംപ് നാസ മേധാവിയെയും ഇലോൺ മസ്ക്കിനെയും നേരിട്ട് വിളിച്ച് കാര്യങ്ങൾ വേഗത്തിലാക്കാൻ ആവശ്യപ്പെട്ടു’’– കരോലിൻ ലെവിറ്റ് പറഞ്ഞു. നാസയുടെ ആക്ടിങ് അഡ്മിനിസ്ട്രേറ്ററെ വിളിച്ചു ബഹിരാകാശ യാത്രികരെ എത്രയും പെട്ടെന്ന് നാട്ടിൽ തിരിച്ചെത്തിക്കാനായി പ്രവർത്തിക്കണമെന്ന് ട്രംപ് പറഞ്ഞെന്നും ലെവിറ്റ് പറഞ്ഞു. ട്രംപിന്റെ നിർദേശ പ്രകാരം വേഗത്തിൽ തന്നെ ബഹിരാകാശ യാത്രികരെ തിരികെയെത്തിക്കാനായി പ്രവർത്തനം നടത്തിയെന്ന് നാസയുടെ ആക്ടിങ് അഡ്മിനിസ്ട്രേറ്റർ ജാനറ്റ് പെട്രോ ഇന്നലെ പറഞ്ഞിരുന്നു.
Source link